ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ രണ്ടാമത്തെ വിമാനത്താവളം പണിയാനുള്ള നടപടികൾ വേഗത്തിലാക്കി കർണാടക സർക്കാർ. വിമാനത്താവളം നിർമ്മിക്കാൻ കാലതാമസമെടുത്താൽ അയൽസംസ്ഥാനമായ തമിഴ്നാട് അതിവേഗം ഹൊസ്സൂർ വിമാനത്താവളത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയേക്കും എന്നത് സിദ്ധരാമയ്യ സർക്കാരിന് മേൽ സമ്മർദ്ദമേറ്റുന്നുണ്ട്. പുതിയ വിമാനത്താവളത്തിനായി രണ്ട് സ്ഥലങ്ങളാണ് നിലവിൽ കർണാടക സർക്കാർ പരിഗണിക്കുന്നത്. ബെംഗളൂരു സൌത്തിലെ കനകപുര റോഡ് ഭാഗത്തും നഗരത്തിൻ്റെ വടക്ക് ഭാഗത്തുള്ള നെലമംഗല പ്രദേശത്തും.
“ഈ രണ്ട് സ്ഥലങ്ങളുമാണ് വിശദമായ പഠനത്തിനും പരിശോധനയ്ക്കും ശേഷം മുൻഗണനയിലുള്ളത്. രണ്ടാമത്തെ വിമാനത്താവളത്തിനായി ഏകദേശം 4,000 ഏക്കർ ഭൂമി ആവശ്യമാണ്. ഈ രണ്ട് പ്രദേശങ്ങളിലും ഇത്രയും സ്ഥലം ലഭ്യമാണ്. കർണാടക സർക്കാരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും ബെഗംളൂരു സൌത്ത് കനകപുര റോഡ് ഭാഗത്ത് പുതിയ വിമാനത്താവളം പണിയാനാണ് കർണാടക സർക്കാർ കൂടുതൽ താത്പര്യമെടുക്കുന്നതെന്നാണ് സൂചന.
ബെംഗളൂരുവിലെ ഇലക്ട്രോണിക്ക് സിറ്റിയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് തമിഴ്നാട്ടിലെ വ്യവസായ നഗരമായ ഹൊസൂർ സ്ഥിതി ചെയ്യുന്നത്. ഹൊസ്സൂരിൽ ഒരു ഗ്രീൻഫിൽഡ് വിമാനത്താവളം പണിയുമെന്ന് കഴിഞ്ഞ ബജറ്റിൽ തന്നെ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൊസ്സൂരിൽ വിമാനത്താവളം വന്നാൽ ബെംഗളൂരുവിലെ വലിയൊരു വിഭാഗം യാത്രക്കാർ അങ്ങോട്ട് മാറുമെന്നും പുതിയ വികസനവും വ്യവസായങ്ങളും ഹൊസ്സൂരിലേക്ക് കേന്ദ്രീകരിക്കുമെന്ന ആശങ്ക കർണാടക സർക്കാരിനുണ്ട്. ഇതോടെയാണ് പെട്ടെന്ന് ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം സജ്ജമാക്കാൻ കർണാടക ശ്രമിക്കുന്നത്.
ഹൊസ്സൂരിൽ വിമാനത്താവളം കൊണ്ടു വരാനുള്ള തമിഴ്നാടിൻ്റെ നീക്കം കാവേരി ജലം പങ്കിടൽ അടക്കമുള്ള മറ്റു വിഷയങ്ങളിൽ കൊമ്പുകോർത്ത് നിൽക്കുന്ന ഇരുസംസ്ഥാനങ്ങളുടേയും ബന്ധം കൂടുതൽ വഷളാക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും അധികം അകലെയല്ലാത്തെ ഹൊസ്സൂരിലേക്ക് വലിയ ഗതാഗതതടസ്സമില്ലാതെ യാത്ര ചെയ്യാനാവും. ട്രാഫിക്ക് ബ്ലോക്കിന് കുപ്രസിദ്ധമായ ബെംഗളൂരുവിൽ നിന്നും വടക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുക വലിയ വെല്ലുവിളിയാണ്.
അതേസമയം തെക്കൻ കർണാടകയിൽ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന ഹൊസ്സൂരിലേക്ക് അത്രയും യാത്രദുരിതമില്ല. ഇതിനാൽ തന്നെ ബെംഗളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല കമ്പനികളും അവരുടെ ഫാക്ടറികളും മറ്റും സ്ഥാപിച്ചിരിക്കുന്നത് ഹൊസ്സൂരിലാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓലയടക്കമുള്ള കമ്പനികളുടെ ഫാക്ടറികൾ പ്രവർത്തിക്കുന്നത് ഹൊസ്സൂരിലാണ്. വ്യവസായങ്ങൾ കൂടാതെ നിരവധി റെസിഡൻഷ്യൽ പദ്ധതികളും ഹൊസ്സൂരിലേക്ക് വരുന്നുണ്ട്. ഇതുകൂടാതെ ബെംഗളൂരു മെട്രോ സ്വന്തം ചെലവിൽ ഹൊസ്സൂരിലേക്ക് നീട്ടാൻ തയ്യാറാണെന്ന് കാണിച്ച് തമിഴ്നാട് സർക്കാർ നേരത്തെ കർണാടകയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രാഥമിക പഠനം നടത്താൻ കർണാടകയും അനുമതി നൽകിയിട്ടുണ്ട്.
2008-ലാണ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചത്. നഗരത്തിന് അകത്തുള്ള എച്ച്.എ.എൽ വിമാനത്താവളമായിരുന്നു അതുവരെ ബെംഗളൂരുവിൻ്റെ ഔദ്യോഗിക വിമാനത്താവളം. ബെംഗളൂരുവിലെ ഐടി വിപ്ലവത്തോടെ വൻതോതിൽ നഗരത്തിലേക്ക് കുടിയേറ്റമുണ്ടായതോടെയാണ് ഭാവി ആവശ്യങ്ങൾ കൂടി മുന്നിൽ കണ്ട് കെംപഗൌഡ വിമാനത്താവളം സ്ഥാപിച്ചത്. ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) പുറത്തു വിട്ട കണക്ക് പ്രകാരം, ബെംഗളൂരുവിലെ വിമാന യാത്രക്കാരുടെ എണ്ണം 2023-ൽ 3.72 കോടിയായിരുന്നുവെങ്കിൽ 2024-ൽ 9 ശതമാനം വർധിച്ച് 4.73 കോടിയായിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 21.1 ശതമാനം വർധനയും കാർഗോ കൈമാറ്റത്തിൽ 17 ശതമാനം വളർച്ചയും ഉണ്ടായിട്ടുണ്ട്.
പഴം-പച്ചക്കറികൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഷിനറി പാർട്സ്, ആക്സസറികൾ, സ്പെയർ പാർട്സ് എന്നിവയാണ് ബെംഗളൂരുവിൽ നിന്നും പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ബെംഗളൂരു വിമാനത്താവളത്തിൻ്റെ കാർഗോ ശൃംഖലയിൽ ഇപ്പോൾ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രവർത്തിക്കുന്ന 12 ചരക്ക് വിമാനക്കമ്പനികൾ ഭാഗമാണ്. സിംഗപ്പൂർ, ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, ചിക്കാഗോ, മസ്കറ്റ് എന്നീ നഗരങ്ങളിലേക്കാണ് പ്രധാനമായും ഇവിടെ നിന്നും ചരക്കുകൾ പോകുന്നത്. അതേസമയം പ്രധാന ഇറക്കുമതി റൂട്ടുകളിൽ ഷെൻഷെൻ, സിംഗപ്പൂർ, ഷാങ്ഹായ്, ഹോങ്കോംഗ്, ഫ്രാങ്ക്ഫർട്ട് എന്നിവ ഉൾപ്പെടുന്നു. ഈ സാഹചര്യത്തിൽ ബെംഗളൂരുവിൻ്റെ വാണിജ്യ – യാത്ര ആവശ്യങ്ങൾ നിറവേറ്റാൻ രണ്ടാമാതൊരു വിമാനത്താവളം കൂടി വേണം എന്നതിൽ സംശയമില്ല. എന്നാൽ കർണാടകയിലായാലും തമിഴ്നാട്ടിലായാലും അടുത്തൊരു വിമാനത്താവളം വരാൻ വലിയൊരു നിയമപ്രശ്നം മുന്നിലുണ്ട്.
ബെംഗളൂരുവിൽ വിമാനത്താവളം നിർമ്മിക്കാൻ തീരുമാനിച്ച കാലത്ത് അതായത് 2004 ജൂലൈ 5 ന് കേന്ദ്ര സർക്കാരുമായി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഒപ്പുവച്ച കരാർ പ്രകാരം 2033 വരെ ബെംഗളൂരുവിൽ മറ്റൊരു വിമാനത്താവളം നിർമ്മിക്കാനാവില്ല. ബെംഗളൂരു വിമാനത്താവളത്തിന് 150 കിലോമീറ്റർ ആകാശ ദൂരത്തിൽ മറ്റൊരു വിമാനത്താവളം പണിയാനോ നിലവിലുള്ള വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി വികസിപ്പിക്കാനോ പറ്റില്ല എന്നാണ് കരാറിലെ വ്യവസ്ഥ. എന്നാൽ പൊതുതാത്പര്യം മുൻനിർത്തി മൈസൂരു, ഹാസൻ വിമാനത്താവളങ്ങളുടെ വികസനത്തിന് കരാറിൽ ഇളവ് നൽകിയിട്ടുണ്ട്.
എന്നാൽ ഈ നിയമപ്രശ്നം മറികടക്കാൻ രണ്ടാമത്തെ വിമാനത്താവളത്തിൻ്റെ നിർമ്മാണവും ബിയാലിനെ (Bengaluru International Airport Limited – BIAL) ഏൽപിക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നുണ്ട്. സ്വകാര്യ – പൊതു പങ്കാളിത്തതിലുള്ള വിമാനക്കമ്പനിയാണ് ബിയാൽ. ബിയാലിൻ്റെ 54% ഓഹരി ഫെയിർഫാക്സ് ഇന്ത്യ ഹോൾഡിംഗ്സ് എന്ന കമ്പനിക്കും, 20% ശതമാനം ഓഹരി വിഹിതം സൈമൻസ് പ്രൊജക്ട് വെഞ്ചേഴ്സ്വ് എന്ന കമ്പനിക്കുമാണ്. കൂടാതെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 13 ശതമാനവും കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രെക്ച്ചർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിന് 13 ശതമാനവും ഓഹരി വിഹിതമുണ്ട്.
എന്തായാലും കനകപുര, നെലാമംഗല എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി ആവശ്യമായ അനുമതിക്കായി കർണാടക കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുകയാണ്. അതിനിടെ തമിഴ്നാട് എംപി തമ്പിദുരൈ ഹൊസ്സൂർ വിമാനത്താവള വിഷയം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ബെംഗളൂരു വിമാനത്താവളത്തിന് 150 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു വിമാനത്താവളം പാടില്ലെന്ന കരാർ വ്യവസ്ഥ തമിഴ്നാടിൻ്റേയും ഹൊസ്സൂരിൻ്റേയും വികസനത്തിന് തടസ്സമാകുകയാണെന്ന് തമ്പിദുരൈ രാജ്യസഭയിൽ പറഞ്ഞു. ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടി ജനതാദൾ (സെക്കുലർ) നേതാവും മുൻ പ്രധാനമന്ത്രിയുമായി എച്ച്.ഡി ദേവഗൌഡ ഈ ആഴ്ച ആദ്യം രാജ്യസഭയിൽ സംസാരിച്ചിരുന്നു.
വ്യാവസായിക നഗരമായ ഹൊസൂരിൽ അശോക് ലെയ്ലാൻഡ്, കാറ്റർപില്ലർ, മൈക്രോലാബ്സ്, ടൈറ്റൻ, ടിടികെ, ടിവിഎസ് മോട്ടോഴ്സ് തുടങ്ങി നിരവധി കമ്പനികളുടെ വലിയ ഫാക്ടറികളുണ്ട്. തമിഴ്നാട് സർക്കാരിൻ്റെ കണക്ക് പ്രകാശം സംസ്ഥാനത്തിൻ്റെ മൊത്തം ജി.എസ്.ഡി.പിയുടെ മൂന്ന് ശതമാനം ഹൊസ്സൂരിൽ നിന്നാണ്.അതിനാൽ വാണിജ്യനഗരമായ ഹൊസ്സൂരിൽ ഒരു വിമാനത്താവളം അത്യാവശ്യമാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്.
കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നിട്ട് ഏകദേശം രണ്ട് വർഷം പിന്നിട്ടെങ്കിലും ഒരു വലിയ പദ്ധതി നടപ്പാക്കാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. അതിനാൽ തന്നെ ബെംഗളൂരു വിമാനത്താവളം തങ്ങളുടെ മണ്ഡലത്തിൽ എത്തിക്കാൻ സർക്കാരിൻ്റെ ഭാഗമായ പ്രധാന നേതാക്കൾ തമ്മിൽ തന്നെ മത്സരം നടക്കുന്നുണ്ടെന്ന് ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.
കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര തന്റെ മണ്ഡലവും സ്വദേശവുമായ നെലമംഗലയ്ക്ക് സമീപം വിമാനത്താവളം വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനാവട്ടെ തൻ്റെ മണ്ഡലമായ കനകപുരയ്ക്ക് സമീപം വിമാനത്താവളം വരണമെന്നാണ് ആഗ്രഹം. നഗരത്തിൽ നിന്നും വളരെ അകലെ വടക്കൻ മേഖലയിലാണ് നിലവിലെ വിമാനത്താവളം എന്നിരിക്കെ ഒരു വിമാനത്താവളം കൂടി വടക്ക് ഭാഗത്തെ നെലമംഗലയിൽ വരുന്നതിൽ അർത്ഥമില്ലെന്ന് കർണാടക സർക്കാരിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.
“കനകപുര റോഡിൽ വിമാനത്താവളം വന്നാൽ, ജയനഗർ പോലുള്ള പ്രദേശങ്ങളിൽ നിന്നും ബെംഗളൂരുവിന്റെ തെക്ക് ഭാഗങ്ങളിൽ നിന്നും 30 മിനിറ്റ് യാത്ര ചെയ്താൽ മതിയാകും. തെക്കൻ കർണാടകയിൽ നിന്നുള്ള യാത്രക്കാർക്കും ഈ വിമാനത്താവളം ഗുണം ചെയ്യും – ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം ഒരു ലോകോത്തര നിർമ്മിതിയായിരിക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. ‘പുതിയ വിമാനത്താവളം അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഒന്നായിരിക്കണം, ലോകോത്തര സൗകര്യങ്ങൾ ആ വിമാനത്താവളത്തിൽ ഉണ്ടാവണം. ബെംഗളൂരുവിനടുത്തുള്ള ഹൊസൂരിൽ തമിഴ്നാട് പദ്ധതിയിടുന്ന വിമാനത്താവളത്തോട് മത്സരിക്കാൻ വേണ്ടി മാത്രമായി രണ്ടാമത്തെ വിമാനത്താവളം നിർമ്മിക്കുന്നതിൽ കാര്യമില്ല. ഇക്കാര്യത്തിൽ നമ്മുക്ക് വ്യക്തമായ കാഴ്ചപ്പാടും ദീർഘവീക്ഷണവും വേണം. 5,000 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ആഗോള നിലവാരത്തിലുള്ള ഒരു വിമാനത്താവളമാണ് നാം സൃഷ്ടിക്കേണ്ടത് – ഡി.കെ ശിവകുമാർ പറഞ്ഞു.