ജോഷിമഠിൽ മണ്ണിടിച്ചൽ അതിവേഗമായതിനാൽ നഗരം മുഴുവനായി മുങ്ങാമെന്ന നിർണായക കണ്ടെത്തലുമായി ഐഎസ്ആര്‍ഒ. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ജോഷിമഠ് താഴ്ന്നത് 5.3 സെന്റിമീറ്ററാണ്. ഐഎസ്ആര്‍ഒയുടെ നാഷ്നല്‍ റിമോട്ട് സെന്‍സിങ് സെന്ററാണ് ജോഷിമഠിന്റെ ഉപഗ്രഹചിത്രങ്ങള്‍ വിലയിരുത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ് 2 എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്. നരസിംഹ ക്ഷേത്രവും സൈന്യത്തിന്റെ ഹെലിപ്പാഡും ഉള്‍പ്പെടെ ജോഷിമഠ് നഗരഭാഗം മുഴുവന്‍ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്.
മഴമുന്നറിയിപ്പിന്റെ ഭീതിയിലാണ് ജോഷിമഠ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കെട്ടിടങ്ങളുടെ വിള്ളല്‍ വലുതായത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും അപകട ഭീഷണി ഉയര്‍ത്തുന്ന മലാരി ഇന്‍ ഹോട്ടല്‍ അടക്കം പൊളിച്ചു മാറ്റുന്നത് ഇന്ന് പുനരാരംഭിക്കും.