ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നതായി അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാൽ ഏത് ആക്രമണവും നേരിടാൻ തയ്യാറാണെന്ന് ഇസ്രയേൽ വ്യക്തമാക്കി.
തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഏത് തരം ആക്രമണം നേരിടാനും പൂർണമായും സജ്ജമാണെന്നും ആക്രമിക്കുന്ന പക്ഷം ഇറാന് കനത്ത തിരിച്ചടി നൽകുമെന്നും ഇസ്രയേൽ കൂട്ടിച്ചേർത്തു. മുന്നറിയിപ്പിന് പിന്നാലെ മേഖലയിലേക്ക് അമേരിക്ക കൂടുതൽ സൈനികരേയും യുദ്ധവിമാനങ്ങളും അയച്ചുവെന്നാണ് വിവരം.
അതേസമയം തെക്കൻ ലെബനനിൽ ഇസ്രയേൽ കരയുദ്ധം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി അതിർത്തി കടന്നുള്ള കരയുദ്ധം തുടങ്ങിയ ഇസ്രയേൽ ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണമാണ് നടത്തുന്നത്. തെക്കൻ ലെബനനിൽ നിന്നും ആളുകൾ ഒഴിഞ്ഞു പോകണമെന്നും യാത്രയ്ക്ക് വാഹനം ഒഴിവാക്കണമെന്നും ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകുന്നു. ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. അതേസമയം രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനൻ അറിയിച്ചു.