വയനാട്: കാന്തൻപാറയിൽ നടത്തിയ തിരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി. കാന്തൻപാറ പുഴക്ക് സമീപമാണ് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാഗങ്ങൾ കിട്ടിയത്. പുഴയോട് ചേർന്നുള്ള ഭാഗത്ത് രണ്ട് കാലുകളാണ് കണ്ടെത്തിയത്.
ഈ സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇവിടെ ഒഴുക്കുള്ള പ്രദേശമാണ്. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ ഒഴുകി വന്നിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. പുഞ്ചിരിമട്ടം , മുണ്ടകൈ , സ്കൂൾ റോഡ്, ചൂരൽമല , വില്ലേജ് റോഡ്, അട്ടമല എന്നീ ആറ് സോണുകളിലായാണ് ഇന്ന് ജനകീയ തിരച്ചില്‍ നടത്തിയത്. ഞായറാഴ്ചയായതിനാൽ കൂടുതൽ പേർ തിരച്ചിലിനായി എത്തി. സന്ദർശനമായി കണ്ട് വന്നവർ തിരച്ചിൽ നടത്തുന്നവർക്ക് ബുദ്ധിമുട്ടാകരുതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ദുരന്തമേഖലയിൽ സ്പെഷ്യൽ സിസ്റ്റമുണ്ടാക്കി തിരച്ചില്‍ തുടരണമെന്ന് ടി.സിദ്ധിഖ് എം. എൽ.എ പറഞ്ഞു. രാവിലെ 9 മണിവരെ രജിസ്റ്റർ ചെയ്ത 1857 പേരാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. 25 പരിസരവാസികളും എത്തി.