വയനാട് തലപ്പുഴയിലെ പെരിയ ചപ്പാരം കോളനിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയില്‍ എടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്നാണ് സൂചന.
നാലംഗ സംഘത്തില്‍ രണ്ട് പേര് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ക്ക് വെടിയേറ്റെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് വന അതിര്‍ത്തികളില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് നാലംഗ സായുധ പെരിയ ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റ് സംഘത്തിന്റെ നീക്കങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പിടിക്കാനായിരുന്നു തണ്ടര്‍ബോള്‍ട്ട് നീക്കം. എന്നാല്‍ അതിനിടയില്‍ വീട്ടുകാരില്‍ ഒരാള്‍ പുറത്തിറങ്ങിയതോടെ തണ്ടര്‍ബോള്‍ട്ടിനെ കണ്ട് ബഹളം വെച്ചു. ഇതോടെ തണ്ടര്‍ബോള്‍ട്ട് ആകാശത്തേക്ക് വെടി വെയ്ക്കുകയായിരുന്നു.
തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ രണ്ട് പേര് ഓടി രക്ഷപ്പെട്ടു. എന്നാല്‍ വീടിനകത്ത് ഉണ്ടായിരുന്ന രണ്ട് പേര് പൊലീസിന് നേരെ വെടിവെച്ചു. രാത്രി പത്തരയോടെയാണ് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.
കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വീട് ഇപ്പോഴും പൊലീസ് വലയത്തിലാണ്. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചപ്പാരം കോളനിയില്‍ എത്തിയിട്ടുണ്ട്. കണ്ണൂര്‍ വയനാട് അതിര്‍ത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.