വാഷിംഗ്ടൺ: അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മുൻപ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടുന്ന റിപ്പബ്ളികൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാവാനുള്ള പ്രചാരണത്തിൽ മുന്നേറി ഇന്ത്യൻ വംശജ്ഞൻ വിവേക് രാമസ്വാമി. 38-കാരനായ വിവേക് അമേരിക്കയിലെ ബയോടെക്ക് വ്യവസായിയാണ്. ഈ വർഷമാദ്യമാണ് അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയാവാൻ മത്സരിക്കുന്നതായി വിവേക് പ്രഖ്യാപിച്ചത്.
ഏറെ വ്യത്യസ്തമാണ് അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റ്, റിപ്പബ്ളിക് എന്നീ രണ്ട് പാർട്ടികളുടെ സ്ഥാനാർത്ഥികളാണ് യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടന്നത്. നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ, മുൻപ്രസിഡൻ്റുമാരായ ബരാക്ക് ഒബാമ,ബിൽ ക്ലിൻ്റൺ എന്നിവർ ഡെമോക്രാറ്റുകളാണ്. ജോർജ്ജ് ഡെബ്ള്യു ബുഷ്, ഡൊണാൾഡ് ട്രംപ് എന്നിവർ റിപ്പബ്ളികൻ പാർട്ടിയിൽ നിന്നുള്ളവരുമാണ്. 2024 നവംബറിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് അമേരിക്കൻ പ്രസിഡൻ്റെ തെരഞ്ഞെടുപ്പ് നടക്കുക. ഇതിന് മാസങ്ങൾ മുൻപായി ഇരുപാർട്ടികളും തങ്ങളുടെ ഔദ്യോഗിക സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാവാൻ ഇരുപാർട്ടികളിലേയും നേതാക്കൻമാർ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും പ്രചാരണം നടത്തുകയും ചെയ്യും. വിവിധ സംവാദപരിപാടികൾ, പര്യടനങ്ങൾ, അഭിമുഖങ്ങൾ, ഓൺലൈൻ സർവ്വേകൾ ഇവയെല്ലാം പ്രചാരണത്തിന് കൊഴുപ്പ് കൂട്ടും. അങ്ങനെ പലഘട്ടങ്ങളിലായി ജനപിന്തുണയാർജ്ജിക്കുന്നവർ മുന്നോട്ട് പോകുകയും ഇല്ലാത്തവർ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയും ചെയ്യും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയാവാൻ ഡൊണാൾഡ് ട്രംപ് ഇതിനോടകം പ്രചാരണം തുടങ്ങി കഴിഞ്ഞു. റിപ്പബ്ളികൻ പാർട്ടി പ്രൈമറിയിലൂടെ പ്രവർത്തകരാണ് തങ്ങളുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ കണ്ടെത്തുക.
ട്രംപിനെ കൂടാതെ റിപ്പബ്ളികൻ പാർട്ടിയിൽ വേറെയും നേതാക്കൾ മത്സരരംഗത്തുണ്ട്. അവരിൽ പ്രധാനിയാണ് ഇന്ത്യൻ വംശജ്ഞനായ വിവേക് രാമസ്വാമി. വിവേകിനെ കൂടാതെ മുൻ ന്യൂജേഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റീസ്, ട്രംപ് സർക്കാരിൽ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസ്, സൗത്ത് കരോലിന ഗവർണറും ഇന്ത്യൻ വംശജ്ഞയുമായ നിക്കി ഹേലി തുടങ്ങിയവരും മത്സരരംഗത്തുണ്ട്. കഴിഞ്ഞ ദിവസം ട്രംപ് ഒഴികെ മറ്റു റിപ്പബ്ളികൻ സ്ഥാനാർത്ഥികൾ ഒരുമിച്ച് ഒരു സംവാദപരിപാടിയിൽ പങ്കെടുത്തു.
സംവാദത്തിൽ ഉടനീളം ട്രംപിനെ പിന്തുണച്ച് സംസാരിച്ച വിവേക് രാമസ്വാമി എതിർ സ്ഥാനാർത്ഥികളുമായെല്ലാം ചർച്ചയ്ക്കിടെ കൊമ്പ് കോർത്തു. അമേരിക്കയുടെ വിദേശനയത്തിൽ സമ്പൂർണ അഴിച്ചു പണി വേണമെന്നും യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്ൻ സർക്കാരിന് നൽകി പോരുന്ന സൈനിക – സാമ്പത്തിക സഹായം അവസാനിപ്പിക്കണമെന്നും വിവേക് രാമസ്വാമി ചർച്ചയിൽ വാദിച്ചു. ഇസ്രയേൽ അടക്കമുള്ള പരമ്പരാഗത സഖ്യകക്ഷികളുമായുള്ള ബന്ധത്തിലും ചില തിരുത്തലുകൾ വേണമെന്നും വിവേക് ചർച്ചയിൽ ചൂണ്ടിക്കാട്ടി.
എന്തായാലും ചർച്ച കഴിഞ്ഞപ്പോൾ വിവേകിനുളള ജനപിന്തുണ കൂടിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.സംവാദത്തിന് ശേഷം നടന്ന അഭിപ്രായസർവ്വേകളിൽ റിപബ്ളികൻ സ്ഥാനാർത്ഥികളിൽ ട്രംപിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് വിവേക് രാമസ്വാമി. ഏതാണ്ട് നാലരലക്ഷത്തോളം ഡോളർ പ്രചരണ ഫണ്ടായി വിവേക് ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു. വലിയ തോതിൽ ട്രംപ് അനുകൂലികളുടെ പിന്തുണ നേടിയെടുക്കാൻ ഇപ്പോൾ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വിവിധ കേസുകളിൽ വിചാരണ നേരിടുന്ന ട്രംപിന് മത്സരിക്കാൻ സാധിക്കാതെ വന്നാൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വിവേക് രാമസ്വാമി മാറിയേക്കാം. തീവ്രദേശീയവാദികളായ റിപ്പബ്ളികൻ പാർട്ടിയുടെ അണികളെ ആകർഷിക്കുന്നതാണ് വിവേകിൻ്റെ ഇടപെടലുകൾ.
വിവേകിൻ്റെ നയങ്ങളും നിലപാടുകളും
- ഗർഭഛിദ്ര നിയമത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണം
- യുക്രെയിന് അമേരിക്ക സാമ്പത്തിക സഹായം ചെയ്യുന്നത് കുറയ്ക്കണം
- റഷ്യയുമായി ചർച്ചകൾ വേണം, ചൈന – റഷ്യ സഖ്യം ശക്തിപ്പെടുന്നത് തടയണം
- എഫ്ബിഐ പിരിച്ചു വിടണം. അവർക്കുള്ള ഫണ്ട് സ്ക്രീട്ട് സർവ്വീസ് ഏജൻസികൾ അടക്കമുള്ള മറ്റു ഏജൻസികൾക്ക് നൽകണം.
ആരാണ് വിവേക് രാമസ്വാമി ?
കേരളത്തിലെ പാലക്കാട് വേരുള്ളവരാണ് വിവേകിൻ്റെ മാതാപിതാക്കൾ. പിതാവ് വി.ഗണപതി രാമസ്വാമി കോഴിക്കോട് എൻഐടിയിലെ പൂർവ്വവിദ്യാർത്ഥിയാണ്. പിന്നീട് അമേരിക്കയിലെ ജനറൽ ഇലക്ട്രിക്ക്സിൽ ആയിരുന്നു അദ്ദേഹത്തിൻ്രെജോലി. വിവേകിൻ്റെ അമ്മ മനോരോഗ വിദ്ധഗ്ദ്ധയും. ഹിന്ദു തമിഴ് ബ്രാഹ്മൺ കുടുംബമാണ് ഇവരുടേത്. വടക്കാഞ്ചേരിയിലെ അഗ്രഹാരത്തിലാണ് വിവേകിൻ്റെ തറവാട് വീടുണ്ടായിരുന്നത്. കുട്ടിക്കാലത്ത് പലവട്ടം മാതാപിതാക്കൾക്കൊപ്പം വിവേക് ഇന്ത്യയിൽ വരികയും ബന്ധുക്കളെ കാണുകയും ചെയ്തിരുന്നു. 1985 ഓഗസ്റ്റ് 9-ന് അമേരിക്കൻ സംസ്ഥാനമായ ഒഹായോയിലെ സിൻസിനാറ്റിയിലാണ് വിവേക് ജനിച്ചത്. ഇവിടെ തന്നെയായിരുന്നു അദ്ദേഹം പഠിച്ചതും വളർന്നതും.
പിന്നീട് അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് സർവ്വകലാശാലയിൽ പ്രവേശനം നേടിയ വിവേക് അവിടെ കോളേജ് യൂണിയൻ അധ്യക്ഷനായും പ്രവർത്തിച്ചു. പഠനകാലത്ത് 2007-ൽ സുഹൃത്തായി ട്രവിസ് മേയ്ക്കൊപ്പം ചേർന്ന് വിവേക് ക്യാംപസ് വെഞ്ച്വർ നെറ്റ് വർക്ക് എന്നപേരിൽ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തയ്യാറാക്കി. സംരംഭകരാവാൻ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയായിരുന്നു ഈ പ്ലാറ്റ്ഫോം. 2009-ൽ ഈ കമ്പനി ഇവർ വിറ്റൊഴിഞ്ഞു. പിന്നീട് ഫിനാൻഷ്യൽ സർവ്വീസ് – ബയോടെക്ക് വ്യവസായ മേഖലയിലേക്ക് വിവേക് പ്രവേശിക്കുന്നതും