ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. വലിയ താരനിരയാണ് ചിത്രത്തിലുള്ളതെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ഗുരുവായൂര്‍ അമ്പല നടയില്‍ വെച്ച് നടക്കുന്ന ഒരു കല്യാണവും അതിന്റെ പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. ഇത് പാട്ടും ഡാന്‍സും ഫൈറ്റുമുള്ള പടമായിരിക്കുമെന്ന് വിപിന്‍ ദാസ് എഡിറ്റോറിയലിനോട് പറഞ്ഞു.
ഗുരുവായൂര്‍ അമ്പലത്തിന്റെ സെറ്റിട്ടത് മൂന്ന് മാസത്തെ പ്രൊസസ്
സിനിമയുടെ ക്ലൈമാക്സ് പോര്‍ഷനാണ് സെറ്റിട്ട് ഞങ്ങള്‍ ചിത്രീകരിച്ചത്. ബാക്കിയെല്ലാം ഗുരുവായൂര്‍, ദുബായ്, നോര്‍ത്ത് ഇന്ത്യയിലെ കുറച്ച് സ്ഥലങ്ങള്‍ അങ്ങനെയാണ് ഷൂട്ട് ചെയ്തത്. ഇനിയൊരു 15 ദിവസത്തെ കൂടി ചിത്രീകരണം ബാക്കിയുണ്ട്. ഗുരുവായൂര്‍ അമ്പലത്തിന്റെ സെറ്റ് ഇട്ടത് ഒരു മൂന്ന് മാസത്തോളം നടന്ന ഒരു പ്രൊസസ് ആയിരുന്നു. അത് ഇത്രയും നന്നായി വരുമെന്ന് ഒരിക്കലും ഞങ്ങള്‍ വിചാരിച്ചില്ല. സുനില്‍ എന്ന് പറഞ്ഞ വ്യക്തിയാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍. അദ്ദേഹം ആദ്യമായാണ് ഇത്രയും വലിയൊരു സെറ്റ് ഉണ്ടാക്കുന്നത്. അപ്പോള്‍ അതിന്റെ ഒരു ടെന്‍ഷന്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ ഗുരുവായൂര്‍ അമ്പലത്തിന്റെ അതേ സട്രക്ച്ചറില് ആണ് സെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. അതൊരു സെറ്റ് ആയിട്ടല്ല, യഥാര്‍ത്ഥ ഗുരുവായൂര്‍ അമ്പലം നില്ക്കുന്ന അതേ രീതിയിലാണ് അത് നിര്‍മ്മിച്ചത്. 20 ദിവസത്തോളം ചിത്രീകരണത്തിനായി ആ സെറ്റ് നില്‍ക്കണം. പിന്നെ മഴയോ കാറ്റോ വന്നാല്‍ അത് മറഞ്ഞ് വീഴാന്‍ പാടില്ല. ലൈറ്റ് വലിയ മെഷിനുകള്‍ ഇതെല്ലാം അതിന് അകത്ത് വേണ്ടിയിരുന്നു. അതിനാല്‍ തന്നെ ആര്‍ക്കിടെക്റ്റിനെ വെച്ചിട്ടാണ് സെറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സിനിമ മെയില്‍ തിയേറ്ററിലെത്തും
ഇത്രയും വലിയ കാസ്റ്റിനെ മാനേജ് ചെയ്യുക എന്നത് വലിയൊരു പണിയായിരുന്നു. പുറമെ കാണുമ്പോള്‍ കുറേ പേരുണ്ടല്ലോ നല്ല രസമായിരിക്കുമെന്ന് വിചാരിക്കും. പക്ഷെ ഷൂട്ട് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എല്ലാവരുടെ സമയവും ഒരുമിച്ച് കിട്ടില്ല. പ്രത്യേകിച്ച് ക്ലൈമാക്സിന്റെ ഒരു അരമണിക്കൂര്‍ ഇവര്‍ എല്ലാവരും വേണം. ആ അര മണിക്കൂര്‍ 25 ദിവസം കൊണ്ട് നമുക്ക് ഷൂട്ട് ചെയ്യുകയും വേണമായിരുന്നു. 35 പേരുണ്ട് സിനിമയില്‍ ആര്‍ട്ടിസ്റ്റായി. ക്യാരക്ടര്‍ പേരുള്ള 35 പേരാണ്. ഒരു 15 പേര് തന്നെ ഇപ്പോള്‍ നമ്മള് കണ്ട ആളുകളായിട്ടുണ്ട്. ഇനിയും നമുക്ക് പുറത്ത് വിടാന്‍ പറ്റാത്ത ഒരുപാട് ആളുകള്‍ അതിലുണ്ട്. അപ്പോള്‍ അവരെ എല്ലാം ഒരേ സമയത്ത് മാനേജ് ചെയ്യണം. അത്തരത്തില്‍ കുറേ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് നമുക്ക് ടൈം മാനേജ്മെന്റ് ഭയങ്കര പാടുള്ള കാര്യമായിരുന്നു. ഒരു സീന്‍ തന്നെ നമ്മള് 15 ദിവസം കൊണ്ടായിരിക്കും ഷൂട്ട് ചെയ്യുന്നത്. ഒരു സീനും പൂര്‍ത്തിയാവില്ല. ഷോട്ട് പോലും ഓഡറില്‍ അല്ല ഷൂട്ട് ചെയ്തിരിക്കുന്നത്. അതെല്ലാം വളരെ ഹെക്ടിക് ആയ ടാസ്ക് ആയിരുന്നു. അത് നമ്മള് വിചാരിക്കുന്നത് പോലെ എളുപ്പമുള്ള രസകരമായ പരിപാടി അല്ലായിരുന്നു. കാസ്റ്റ് മാനേജ്മെന്റ് ആയിരുന്നു സിനിമയിലെ ഏറ്റവും വലിയ ടാസ്ക്. പണ്ടായിരുന്നെങ്കില്‍ തെങ്കാശിപ്പട്ടണം പോലൊരു സിനിമയെടുക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. കാരണം എല്ലാവരും അവരവരുടെ ഇന്‍ഡസ്ട്രിയില്‍ സിനിമ ചെയ്യുന്നവരും സംവിധാനം ചെയ്യുന്നവരും ഒക്കെയാണ്. അത് മാനേജ് ചെയ്ത് പോവുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് വിഷുവിന് ഇറങ്ങേണ്ടി വന്ന സിനിമ മെയ് റിലീസ് ആയത്.
പാട്ടും ഡാന്‍സും ഫൈറ്റുമുള്ള പാക്കേജ് പടം
ഞങ്ങള്‍ വലിയൊരു കഥയൊന്നും പറയുന്നില്ല. വലിയൊരു താര നിരയുണ്ട്, വലിയ കാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത് എങ്കിലും ഇതില്‍ ഭയങ്കര ഡെപ്ത്തുള്ള കഥയൊന്നുമില്ല. ഒരു കല്യാണവും അതിന് ചുറ്റിപറ്റി നടക്കുന്ന ചില കാര്യങ്ങളുമാണ് സിനിമ പറഞ്ഞ് വെക്കുന്നത്. ഇത് കോമഡി മാത്രമുള്ള ഒരു സിനിമയല്ല. മറിച്ച് ഒരു എന്റര്‍ട്ടെയിനര്‍ ആണ്. പാട്ട്, ഡാന്‍സ്, ഫൈറ്റ് എല്ലാമുള്ള സിനിമയാണ്. നമ്മള് കുറച്ച് കാലം മുമ്പ് കണ്ടിട്ടുള്ള ഒരു പാക്കേജ് പടങ്ങള്‍ ഉണ്ടല്ലോ. അതില്‍ കോമഡിയും ഉണ്ട്. പക്ഷെ കോമഡിയല്ല ഞങ്ങള്‍ പ്രധാനമായും ഫോക്കസ് ചെയ്തിരിക്കുന്നത്. ഒരു കല്യാണത്തിന്റെ ആഘോഷ മൂഡ് ഉണ്ടല്ലോ. കല്യാണ തലേന്ന് വീട്ടില്‍ ഉണ്ടാകുന്ന പാട്ട് എല്ലാം നമ്മള് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെയൊരു ആഘോഷം എന്ന നിലയ്ക്കാണ് സിനിമ പോകുന്നത്. ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ ആറ്-എഴ് ഷെഡ്യൂള്‍ കൊണ്ടൊരു സിനിമ ചെയ്യുന്നത്.
ഗുരുവായൂര്‍ അമ്പലനടയില്‍ ഹീറോയും വില്ലനുമില്ല
ഈ സിനിമയില്‍ ഹീറോ-വില്ലന്‍ എന്നീ പരിപാടികള്‍ ഒന്നും തന്നെയില്ല. എല്ലാവരും ഒരു ക്യാരക്ടര്‍ മൂഡിലാണ് നില്‍ക്കുന്നത്. ഒരു പക്ക വില്ലന്‍ വരുന്നു ഹീറോ വരുന്നു എന്നൊരു സംഭവം ഈ സിനിമയില്‍ ഇല്ല. ഒരു കുടുംബത്തില്‍ കല്യാണം കൂടാന്‍ വരുന്ന എല്ലാ ബന്ധുക്കളെയും നമ്മള് കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. പൃഥ്വിരാജും അങ്ങനെയൊരു ക്യാരക്ടറായി കുറേ കാലത്തിന് ശേഷം അഭിനയികുന്ന സിനിമയായിരിക്കാം. ഒരു പ്ലേഫുള്‍ ആയിട്ടുള്ള സിനിമയാണ്. ഇപ്പോള്‍ നമ്മള് തെങ്കാശിപ്പട്ടണം എന്ന സിനിമ എടുത്താല്‍ അതില്‍ സുരേഷ് ഗോപിയുണ്ട് ലാല്‍ ഉണ്ട് ദിലീപ് ഉണ്ട്. ഇതില്‍ ആരാ ഹീറോ ചോദിച്ചാല്‍ നമുക്ക് അറിയില്ലല്ലോ. അത് പോലെ നമുക്ക് കുറേ ആള്‍ക്കാരെയും കുറേ രസകരമായ മുഹൂര്‍ത്തങ്ങളും കാണാന്‍ സാധിക്കുന്ന ഒരു സിനിമയാണ് ഗുരുവായൂര്‍ അമ്പലനടയില്‍.