ഡൽഹി: ഒളിംപിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ടും ഗുസ്തി താരം ബജ്റംഗ് പൂനിയയും ഇന്ന് ഔദ്യോഗികമായി കോൺഗ്രസിൽ അംഗത്വമെടുക്കും.ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.ഈ സാഹചര്യത്തിൽ വിനേഷ് ഫോഗട്ട് റെയിൽവെയിലെ ജോലി രാജിവെച്ചതയി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയ വിനേഷ് അമിതഭാരത്തിൻറെ പേരിൽ അയോഗ്യയാക്കപ്പെടുകയായിരുന്നു. അയോഗ്യതക്കെതിരെ വിനേഷ് നൽകിയ അപ്പീൽ കായിക തർക്കപരിഹാര കോടതിയും തള്ളിയിരുന്നു. തുടർന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ വിനേഷിന് മെഡൽ ജേതാവിന് നൽകുന്ന സ്വീകരണമാണ് ലഭിച്ചത്.
ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിൻറെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഗുസ്തി താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഒളിംപിക് മെഡലുകൾ ഗംഗയിലൊഴുക്കാൻ തുനിഞ്ഞതും ലോക ശ്രദ്ധ ആകർഷിച്ചിരുന്നു.