മാസത്തിൽ ഒരിക്കൽ ആരാധകർക്കൊപ്പം സമയം ചെലലവഴിക്കാനുള്ള തീരുമാനം നടപ്പിലാക്കി സൂപ്പര്‍ താരം വിജയ്. നവംബർ മാസം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഡിസംബറിലും ഫാൻ മീറ്റ് സംഘടിപ്പിച്ച് ആരാധകർക്കൊപ്പം സമയം ചിലവഴിച്ചിരിക്കുകയാണ്. ചെന്നൈയിലെ പനയൂരിലുള്ള വീട്ടിൽ വച്ചാണ് വിജയ് മക്കൾ ഇയക്കം ഫാൻ ക്ലബ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. മറ്റ് മൂന്ന് ജില്ലകളിലുള്ള അംഗങ്ങളെയും അഡ്മിനിസ്ട്രേറ്റേഴ്സിനെയും വിജയ് വിളിപ്പിച്ചു.
ആരാധകർക്കൊപ്പം വിജയ് നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭിന്നശേഷിക്കാരനായ ഒരു ആരാധകനെ വിജയ് കയ്യിലെടുത്തു നിൽക്കുന്ന ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാവരുടെയും മനസ് കീഴടക്കിയിരിക്കുകയാണ് ഈ ചിത്രങ്ങൾ.
വിജയ്യുടെ പുതിയ ചിത്രമായ ‘വാരിസ്’ പൊങ്കലിനാണ് റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് സൂചന. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ മത്സരിക്കുകയും നിരവധി സീറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട് വിജയ് മക്കൾ ഇയക്കം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കാനും ആരാധകരുമായുള്ള ഈ കൂടിക്കാഴ്ചകൾ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.