പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിൽ ഒളിവിലായിരുന്ന എസ്എഫ്ഐ നേതാവ് കെ വിദ്യ പിടിയിൽ. കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെ പൊലീസ് നാളെ പുലർച്ചയോടെ അഗളി സ്റ്റേഷനിലെത്തിക്കും. ഗസ്റ്റ് ലക്ച്ചർ ജോലിക്കായി വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിദ്യ കേസിൽ പ്രതിയായത്.
പേരാമ്പ്ര കുട്ടോത്തുള്ള സുഹൃത്തിൻ്റെ വീട്ടിൽ നിന്നുമാണ് വിദ്യയെ പോലീസ് പിടികൂടിയത്. വിദ്യ സ്ഥിരമായി ഉപയോഗിക്കുന്ന രണ്ട് നമ്പറുകളും ആഴ്ചകളായി സ്വിച്ച് ഓഫായിരുന്നുവെങ്കിലും ഇവരുമായി ബന്ധമുള്ള മറ്റു ചില നമ്പറുകൾ പിന്തുടർന്നാണ് പൊലീസ് വിദ്യയെ പിടികൂടിയത് എന്നാണ് വിവരം. വ്യാജസർട്ടിഫിക്കറ്റ് വിവാദം ആരംഭിച്ച സമയത്ത് പാലക്കാടും എറണാകുളത്തും വിദ്യയുണ്ടായിരുന്നുവെന്നാണ് വിവരം.
എന്നാൽ വിദ്യയെ പിടികൂടാൻ കാര്യമായ ശ്രമം പൊലീസ് നടത്തിയില്ല. പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻറെ ബഞ്ചിലാണ് ഹർജിയുള്ളത്. ജാമ്യം കിട്ടും വരെ ഒളിവിൽ നിൽക്കാനുള്ള ശ്രമത്തിലായിരുന്നു വിദ്യയെന്നാണ് കരുതുന്നത്. എന്നാൽ പൊലീസും സർക്കാരും സംഭവത്തിൽ നാണംകെട്ടതോടെയാണ് ഒടുവിൽ വിദ്യയെ പിടികൂടിയത്.
മേപ്പയൂർ, വടകര മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യക്കായി തെരച്ചിൽ നടക്കുന്നുണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരെ പാലക്കാട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.