തിരുവനന്തപുരം : കൊവിഡിൽ കച്ചവടം തകർന്ന് കടക്കെണിയിലായെങ്കിലും അധ്വാനിക്കാനുള്ള മനസും ആത്മവിശ്വാസവുമായിരുന്നു അയാളെ മുന്നോട്ട് നടത്തിയത്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് പോകവേ ഇരുട്ടടിയായി ഭാര്യയെ ബാധിച്ച അർബുദം. തനിക്ക് കൈത്താങ്ങാവാൻ ഓടി നടന്ന മകൻ ഒടുവിൽ കൊടുംകുറ്റവാളിയായി സ്വന്തം ഉറ്റവരുടെ ജീവനെടുത്തെന്ന വാർത്ത അബ്ദുൾ റഹീമിന് താങ്ങാവുന്നതിനും അപ്പുറമാണ്.
സൌദിയിലെ കടബാധ്യതയും കാലാവധി കഴിഞ്ഞ ഇഖാമയും കേസുകൾ ഉണ്ടെന്ന ഭയവും കാരണമാണ് ഇക്കാലമത്രയും അബ്ദുൾ റഹീം നാട്ടിലെത്താനാകാതെ വിഷമിച്ചത്. ജീവിതം കീഴ്മേൽ മറിഞ്ഞ വാർത്തയറിഞ്ഞിട്ടും നിസ്സഹായനായി നിന്ന ആ മനുഷ്യനെ കണ്ടില്ലെന്ന് നടിക്കാൻ സൌദിയിലെ സാമൂഹിക പ്രവർത്തകർക്ക് ആകുമായിരുന്നില്ല.ഒരു കൂട്ടം നല്ല മനുഷ്യരുടെ സമയോചിത ഇടപെടലിൽ ഇന്ന് രാവിലെ നാടണഞ്ഞു.
വീടും വസ്തുവും വിറ്റ് കടബാധ്യതകൾ തീർക്കാമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുൾ റഹിം. അതിനിടെ ചെറിയ ജോലിക്ക് പോയി വീട് നോക്കിയിരുന്ന അഫാനിൽ അച്ഛന് പ്രതീക്ഷയുണ്ടായിരുന്നു. സന്ദർശകവിസയിൽ അഫാനെ സൌദിയിലേക്ക് കൊണ്ട് പോയെങ്കിലും ജോലി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒരിക്കലും പരിഹാരമില്ലാത്ത പ്രശ്നത്തിലേക്ക് വന്നിറങ്ങുമ്പോൾ നിസംഗത മാത്രമായിരുന്നു അയാളുടെ മുഖത്ത്.
വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയുടെ അടുത്തേക്കാണ് അദ്ദേഹം ആദ്യം പോയത്. പിന്നാലെ ഉറ്റവരെ ഖബറടക്കിയ മണ്ണിലേക്കും. ഇളയമകൻ അഫ്സാന്റെ ഖബറിന് മുന്നിൽ സർവനിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞു. ഏഴ് വർഷത്തിന് ശേഷം നാട്ടിലെത്തിയ കൂടപ്പിറപ്പിനെ കണ്ട് സഹോദരങ്ങൾ പൊട്ടിക്കരഞ്ഞു.
അതേസമയം എലിവിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അഫാന് മറ്റ് പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ സമയവും മൌനമായിരിക്കുന്ന അഫാൻ ഇടയ്ക്ക് കുറ്റബോധമില്ലെതെയും പെരുമാറും. അന്വേഷണത്തിന്റെ തുടക്കത്തിൽ അഫാൻ ചികിത്സയോട് സഹകരിച്ചിരുന്നില്ലയ നിലവിൽ ആശുപത്രിയിൽ കഴിയുന്ന അഫാനെ വൈകാതെ സെല്ലിലേക്ക് മാറ്റും