തിരുവല്ല താലൂക്കാശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് ആശുപത്രി സൂപ്രണ്ട് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ച സമയത്ത് മൂന്ന് ഡോക്ടർമാർ മാത്രമേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുള്ളു. എന്നാൽ എട്ട് ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു എന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ അവകാശപ്പെട്ടു. ആശുപത്രിയിൽ ഇല്ലാതിരുന്ന മറ്റ് ആറ് ഡോക്ടർമാർക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.

ആശുപത്രി സന്ദർശിച്ച സമയത്ത് രോഗികളിൽ പലരും വലിയ രീതിയിലുള്ള പരാതികൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഡ്യൂട്ടി രജിസ്റ്റർ പരിശോധിച്ചപ്പോൾ ആറ് ഡ്യൂട്ടി ഡോക്ടർമാർ ആശുപത്രിക്ക് പുറത്താണെന്ന് കണ്ടെത്തി. ജില്ലാ മെഡിക്കൽ ഓഫീസറിന്റെ പരിശോധനയിൽ ആശുപത്രി ആവശ്യങ്ങൾക്ക് വേണ്ടിയാണ് ആറ് ഡോക്ടർമാരും പുറത്ത് പോയതെന്ന് അവകാശപ്പെട്ടു. എന്നാൽ അവർ ഡ്യൂട്ടി രജിസ്റ്ററിൽ ഒപ്പുവയ്ക്കാതിരുന്നത് വീഴ്ചയാണെന്നും വ്യക്തമാക്കി.

ഐ എം ഒ അംഗമായ ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ നടപടികൾക്കെതിരെ പ്രധിഷേധ പ്രകടനം നടത്തി. രൂക്ഷമായ രീതിയിൽ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഡോക്ടർമാരുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
