കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അസഭ്യപരാമര്‍ശത്തില്‍ ഹൈക്കമാന്‍ഡിനോട് അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രതിപക്ഷ സ്ഥാനത്ത് നിന്ന് രാജിവക്കെുമെന്ന് സതീശന് ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. വിഷയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെട്ടതായും വിവരമുണ്ട്.
അതേസമയം വിഡി സതീശന് രാജിഭീഷണി മുഴക്കിയെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. വിഡി സതീശന് നീരസമുണ്ടായിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ചതായും സുധാകരന് പറഞ്ഞിരുന്നു. താനും സതീശനും ജേഷ്ഠാനുജന്മാരെ പോലെയാണെന്നും ഒരു പ്രശ്നവുമില്ലെന്നും കെ സുധാകരന് നേരത്തെ പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ഇരു നേതാക്കളോടും പ്രശ്നപരിഹാരത്തിനായി സംയുക്ത വാര്‍ത്താസമ്മേളനം വിളിക്കാന്‍ എഐസിസി നേതൃത്വം നിര്‍ദേശിച്ചു. എന്നാല്‍ വിഡി സതീശന് മാധ്യമങ്ങളെ കാണാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കെ സുധാകരന് രണ്ടാമത് തനിച്ച് മാധ്യമങ്ങളെ കണ്ട് സംസാരിച്ചത്.
‘സമരാഗ്നി’യുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശന് എത്താന്‍ വൈകിയതിന് പിന്നാലെയാണ് തെറിവാക്ക് ഉപയോഗിച്ചത്. ക്യാമറയും മൈക്കും ഓണ്‍ ആണെന്നത് ശ്രദ്ധിക്കാതെയാണ് സുധാകരന്റെ അശ്ലീല പദപ്രയോഗം.
ഷാനിമോള്‍ ഉസ്മാന് അടക്കമുള്ള നേതാക്കളാണ് ക്യാമറയും മൈക്കും ഓണ്‍ ആണെന്ന് സുധാകരനെ ധരിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോള്‍ ഉസ്മാന് തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. വിഡി സതീശന് മറ്റൊരു പരിപാടി ഉള്ളതിനാല്‍ പത്രസമ്മേളനത്തിന് എത്താന്‍ വൈകുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ ഇത് എവിടെ പോയികിടക്കുകയാണെന്ന് ചോദിച്ചാണ് അശ്ലീല പദപ്രയോഗം നടത്തിയത്.
അതേസമയം സതീശന് എത്തിയപ്പോള്‍ ഇരുവരും പരസ്പരം സംസാരിക്കുകയും വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തെറിവാക്ക് ഉപയോഗിച്ചത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.
നേരത്തെ കെ സുധാകരനും വിഡി സതീശനും വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടയില്‍ പരസ്പരം തര്‍ക്കിച്ചത് വലിയ വാര്‍ത്തയായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യം പ്രകടമായത്.