ചെന്നൈ: അർധ അതിവേഗ ട്രെയിനായ വന്ദേഭാരതിന് നിറംമാറ്റം. വെള്ളനിറത്തിൽ നീല നിറത്തോട് കൂടിയാണ് കളർ കോംബിനേഷനാണ് നിലവിൽ വന്ദേഭാരതിനുള്ളത്. എന്നാൽ ഇതുമാറ്റി കാവിയും കാപ്പിയും ചേർന്ന പുതിയ ഡിസൈനാണ് വന്ദേഭാരതിനായി പരീക്ഷിക്കുന്നത്. പുതിയ നിറത്തിലുള്ള വന്ദേഭാരത് കോച്ചിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.
നിലവിലെ വെള്ള നിറത്തിലുള്ള ട്രെയിനുകളിൽ വളരെ പെട്ടെന്ന് അഴുക്ക് പിടിക്കുന്നതിനാലാണ് നിറം മാറ്റുന്നതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. വ്യത്യസ്ത നിറങ്ങളിൽ വന്ദേഭാരത് കോച്ചുകൾ പെയിൻ്റ് ചെയ്ത ശേഷം ചിത്രങ്ങൾ റെയിൽവേ ബോർഡിന് കൈമാറും. ഇതിൽ നിന്നും അനുയോജ്യമായത് റെയിൽവേ ബോർഡാവും തീരുമാനിക്കുക. അഴുക്ക് അധികമറിയില്ല എന്നതിനാൽ ഓറഞ്ച് കളർ കോംബിനേഷനാണ് കൂടുതൽ സാധ്യത.
വിവിധ സോണുകളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വന്ദേഭാരത് ട്രെയിനുകളിൽ ആവശ്യമായ മാറ്റം വരുത്തുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറയുന്നു. മണ്‍സൂണ്‍ എത്തിയതോടെ വെള്ള നിറത്തിലുള്ള കോച്ചുകൾ വൃത്തിയാക്കി സൂക്ഷിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വന്ദേഭാരത് കോച്ചുകളുടെ നിർമ്മാണം നടക്കുന്ന ചെന്നൈ ഇൻ്റർഗ്രൽ കോച്ച് ഫാക്ടറിയിലാണ് പുതിയ നിറവും പരീക്ഷിക്കുന്നത്. നിലവിൽ 26 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്. കേരളത്തിൽ 16 കോച്ചുകളടങ്ങിയ ഫുൾ സെറ്റ് വന്ദേഭാരതാണ് സർവ്വീസ് നടത്തുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ സർവ്വീസ് തുടങ്ങിയ വന്ദേഭാരത് ട്രെയിനുകളെല്ലാം എട്ട് കോച്ചുകൾ മാത്രമുള്ള മിനി വന്ദേഭാരത് ട്രെയിനുകളാണ്.