ലക്നൗ: അയോധ്യയിലൂടെ കടന്നുപോകുന്ന പുതുതായി ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മുനു പാസ്വാൻ ഇയാളുടെ മക്കളായ അജയ്, വിജയ് എന്നിവരേയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപ് വന്ദേഭാരത് എക്സ്പ്രസ്സ് ഇടിച്ച് മനുപാസ്വാൻ്റെ ആറ് ആടുകൾ ചത്തിരുന്നു. ആടുകളെ നഷ്ടപ്പെട്ടതിൽ ക്ഷുഭിതരായ മുനു പാസ്വാനും മക്കളും വന്ദേഭാരത് എക്സ്പ്രസ്സിന് കല്ലെറിയുകയായിരുന്നു.
വന്ദേഭാരതിന് കല്ലെറിഞ്ഞ മുനു പാസ്വാനേയും മക്കളായ അജയ്, വിജയ് എന്നിവരേയും അറസ്റ്റ് ചെയ്തതായി അയോധ്യ എസ്എസ്പി രാജ് കരൺ നയ്യാർ പറഞ്ഞു. ജൂലായ് 9ന് വന്ദേ ഭാരത് എക്സ്പ്രസ് തട്ടി മുനു പാസ്വാന്റെ ആറ് ആടുകൾ ചത്തു. ആടുകളെ നഷ്ടപ്പെട്ടതിൽ പ്രകോപിതരായ മൂവരും ഇന്ന് ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വെള്ളിയാഴ്ച ഗോരഖ്പൂർ – വന്ദേഭാരത് എക്സ്പ്രസ്സ് ഫ്ളാഗ്ഓഫ് ചെയ്തത്. അയോധ്യ വഴി കടന്നു പോകുന്ന ഈ ട്രെയിൻ ഭാവിയിൽ ഉത്തർപ്രദേശിൻ്റെ ടൂറിസത്തിൽ നിർണായക പങ്കുവഹിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
.