ഉദ്ഘാടന പരിപാടിക്കിടെ അശ്ലീല പദപ്രയോഗം നടത്തിയ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെതിരെ കേസ്. മലപ്പുറം വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിക്കിടെ അശ്ലീല പദപ്രയോഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല പദപ്രയോഗം, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്.
ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കട ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പാണ്ടികശാല സ്വദേശി സൈഫുദ്ദീന് പാടത്ത് നല്കിയ പാരതിയിലാണ് കേസ്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടി സാമൂഹ്യ മാധ്യമങ്ങളിലും മറ്റു പല മേഖലകളിലും വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തൊപ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തുകയും ചെയ്തിരുന്നു.
ജൂണ്‍ 17നായിരുന്നു ഉദ്ഘാടന പരിപാടി നടന്നത്. ഉദ്ഘാടനത്തിനെത്തിയ ‘തൊപ്പി’ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയില്‍ അശ്ലീല പദപ്രയോഗങ്ങളും മറ്റും നടത്തി സമൂഹത്തില്‍ അരാജകത്വം വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. സംഭവത്തിന് കാരണമായ വീഡിയോ വൈറല്‍ ആയതോടെ സമൂഹ മാധ്യമങ്ങളില്‍ വളാഞ്ചേരി പ്രദേശത്തെ മൊത്തമായും മോശക്കാരായി ചിത്രീകരിച്ച് ചര്‍ച്ച നടക്കുന്നുവെന്നും പരാതിക്കാരന് ആരോപിച്ചു.