കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന പരിരക്ഷ അവര്‍ ദുരുപയോഗം ചെയ്യരുതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ആലുവയിലുണ്ടായത് ഏറ്റവും വേദനയുണ്ടാക്കിയ സംഭവമാണ്. ആ കുട്ടിയുടെ കുടുംബം കേരളത്തില്‍ സന്തോഷത്തോടെയാണ് കഴിഞ്ഞത്. നമ്മുടെ തൊഴിലാളികള്‍ക്ക് നല്കുന്നതിനെക്കാള് പരിരക്ഷ കേരളത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. അതവര് ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നാണ് മന്ത്രി പറഞ്ഞത്.
കേരളത്തിലേക്കെത്തുന്ന തൊഴിലാളികളുടെ കണക്കുകള്‍ ശേഖരിക്കുന്നതില്‍ ഇപ്പോഴും തടസ്സങ്ങളുണ്ട്. ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവര്‍ത്തനം ആരംഭിക്കും. ക്യാമ്പുകളില്‍ നേരിട്ട് ചെന്ന് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കും. ഏത് സംസ്ഥാനത്ത് നിന്നാണോ വരുന്നത് അവിടത്തെ പൊലീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ലേബര്‍ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കുമ്പോള്‍ തൊഴിലാളികളുടെ വരവ് കുറയ്ക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.