വി പി ഷാജി കുമാറിന്റെ സാക്ഷിയെന്ന കഥ സിനിമയാകുന്നു.രാഹുൽ ശർമ്മയുടെ സംവിധാനത്തിൽ ഈ വർഷം തന്നെ സിനിമ റിലീസിനെത്തുമെന്ന് ഷാജി പറയുന്നു.ടേക്ക് ഓഫ് , കന്യകാ ടാക്കീസ്, പുത്തൻ പണം തുടങ്ങിയവയാണ് വി പി ഷാജി തിരക്കഥയൊരുക്കിയ മറ്റു ചിത്രങ്ങൾ. സാക്ഷിയെന്ന കഥയിലും 32 കൊല്ലങ്ങൾക്ക് മുൻപ് നടന്ന ദേവലോകം കൊലക്കേസിലെ പോലെ പൂവൻകോഴിയാണ് സാക്ഷിയാകുന്നത്.1993 ൽ കാസർകോട്ടെ ബദിയടുക്ക ദേവലോകത്താണ് ദുർമന്ത്രവാദവും നരബലിയും നടന്നത്.നിധി കിട്ടുമെന്ന് തെറ്റുദ്ധരിപ്പിച്ച് കർഷകനായിരുന്ന 45 കാരൻ ശ്രീകൃഷ്ണ ഭട്ടിനേയും 35 കാരിയായ ഭാര്യ ശ്രീമതിയേയും ബെംഗളൂരുകാരനായ ഇമാം ഹുസൈൻ എന്ന മന്ത്രവാദി കൊന്ന് കുഴിച്ച് മൂടിയത്.കൊലപാതകം നടന്ന് 19 വർഷത്തിന് ശേഷം ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടി.ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇയാളെ പിന്നീട് വെറുതെ വിട്ടു. പൂവൻ കോഴി, കൊലപാതകത്തിന് ദൃക്സാക്ഷിയും തെളിവുമായ അപൂർവ കേസ് കൂടെയായിരുന്നു ദേവലോകം കേസ്.ദേവലോകത്തെ കൊലപാതകം നടന്ന വീട്ടിൽ സ്വർണനിധിയുണ്ടെന്ന് ധരിപ്പിച്ചാണ് ശ്രീകൃഷ്ണ ഭട്ടിൻ്റെ കുടുംബവുമായി ഇമാം ഹുസൈൻ സൗഹൃദം സ്ഥാപിച്ചത്.
ദമ്പതികൾക്ക് പ്രസാദമായി നൽകിയ വെള്ളത്തിൽ ഹുസൈൻ ഉറക്കുഗുളിക ചേർക്കുന്നു.
തുടർന്ന് പറമ്പിലൊരുക്കിയ കുഴിയിൽ ഇറങ്ങിയിരുന്ന് പ്രാർഥിക്കാൻ ആവശ്യപ്പെടുന്നു. കുഴിയിലേക്ക് ഇറങ്ങിയ ദമ്പതികളെ മൺവെട്ടി കൊണ്ട് അടിച്ചു വീഴ്ത്തി കൊലപ്പെടുത്തി. തുടർന്ന് പ്രതി പണവും സ്വർണവും കവർന്ന് രക്ഷപ്പെട്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. വിദ്യാർഥികളായ മൂന്ന് മക്കളും സംഭവം നടക്കുമ്പോൾ വീട്ടിൽ ഉറങ്ങുകയായിരുന്നു.കോഴിയെ വളർത്താത്ത വീടിനകത്ത് കൊലക്ക് ശേഷം കോഴിയെ കണ്ടെത്തിയതാണ് കേസിന് വഴിത്തിരിവായത്. പൂവൻകോഴിയെ ഇമാം ഹുസ്സൈൻ മന്ത്രവാദത്തിനായി കൊണ്ട് വന്നതായിരുന്നു .
പിന്നീട് ഈ കോഴിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ അതിനെ തെളിവായി വളർത്തുകയും ചെയ്തു. എന്നാൽ മൂന്നുമാസം കഴിയുമ്പോഴേക്ക് ആ കോഴി ചത്തു. അങ്ങനെ ആ തെളിവും ഇല്ലാതായി. പൂജയ്ക്കായി പ്രതി കൊണ്ടുവന്ന പൂവൻകോഴിയെ സാക്ഷിയായി പരിഗണിച്ച് കോടതിയിൽ ഹാജരാക്കിയതും പിന്നീട് പൊലീസിനോട് സംരക്ഷിക്കാൻ ആവശ്യപ്പെട്ടതും കേസിലെ അപൂർവതയായിരുന്നു.ഇത് പോലെ പൂവൻകോഴി സാക്ഷിയായെത്തുന്ന കഥയാണ് വി പി ഷാജിയുടെ സാക്ഷിയും.
വ്യത്യസ്ഥമായ കഥ സിനിമയായെത്താൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.