ഇന്ത്യയിൽ രണ്ട് പുതിയ കോണ്‍സുലേറ്റുകൾ കൂടി തുറക്കാൻ അമേരിക്ക. ബെഗംളരൂവിലും അഹമ്മദാബാദിലുമായിരിക്കും പുതിയ കോണ്‍സുലേറ്റുകൾ വരിക.
പുതിയ കോണ്‍സുലേറ്റുകൾ വൈകാതെ തുറക്കുമെന്നും കഴിഞ്ഞ വർഷം മാത്രം 1.25 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിസ അനുവദിച്ചെന്നും വൈറ്റ് ഹൌസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധനയാണ് അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായത്. ഈ വർഷവും ഇതേ പ്രവണത തുടരാനാണ് സാധ്യത. അടുത്ത വർഷത്തോടെ അമേരക്കിയിലെ ഏറ്റവും വലിയ വിദേശ വിദ്യാർത്ഥി സമൂഹമായി ഇന്ത്യ മാറും എന്നാണ് കരുതുന്നത്.
ബെംഗളൂരുവിലും അഹമ്മദാബാദിലും യുഎസ് കോണ്‍സുലേറ്റുകൾ വരുമ്പോൾ സമാനമായ രീതിയിൽ അമേരിക്കയിലെ സിയാറ്റിലിലും മറ്റൊരു നഗരത്തിലും ഇന്ത്യയും കോണ്‍സുലേറ്റ് തുറക്കും.
നിലവിൽ സാൻഫ്രാൻസിസ്കോ, ചിക്കാഗോ, ഹൂസ്റ്റണ്‍, അറ്റ്ലാൻറ്റ എന്നിവിടങ്ങളിൽ ഇന്ത്യൻ കോണ്‍സുലേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസ്സിക്ക് പുറമേയാണ് ഈ ഓഫീസുകൾ. സമാനമായ രീതിയിൽ ദില്ലിയിലെ അമേരിക്കൻ എംബസ്സി കൂടാതെ മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ അമേരിക്കയ്ക്കും കോണ്‍സുലേറ്റുണ്ട്.