കാലിഫോര്‍ണിയയില്‍ സാന്മെറ്റോയില് മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവ്യക്തത തുടരുന്നു. ഭര്‍ത്താവ് ആനന്ദ് ഭാര്യ ആലീസ് അവരുടെ നാല് വയസ്സുള്ള ഇരട്ടക്കുട്ടികള്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ആനന്ദ് ഭാര്യ ആലീസിനെ വെടിവെച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് സംശയിക്കുന്നത്.
ആലീസിന്റെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റതിന്റെ പാടുകളുണ്ട്. ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥന്‍ എന്നിവരെ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ കുട്ടികളുടെ മരണ സമയവും കാരണവും വ്യക്തമാകൂ എന്നും സാന്‍ മെറ്റേയോ പൊലീസ് പറയുന്നു.
2016ല്‍ ദമ്പതികള്‍ വിവാഹമോചനത്തിന് അപേക്ഷിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷമാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. അതേസമയം ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുന്നതും മറ്റും കണ്ടിട്ടില്ലെന്നും ഇവര്‍ മാതൃകാദമ്പതികളെ പോലെയാണെന്നുമാണ് സമീപവാസികള്‍ പൊലീസിന് നല്കിയ മൊഴി. 2020ലാണ് ഇരുവരും സാന്‍ മെറ്റോയിലേക്ക് മാറിയത്.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ആനന്ദ എട്ട് വര്‍ഷത്തോളം ഗൂഗിളിലും ഒരു വര്‍ഷത്തോളം മെറ്റയിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സ്വന്തം നിലയില്‍ ലോജിറ്റ്സ് എന്ന പേരില്‍ സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനം തുടങ്ങിയത്. അടുത്തിടെയായി സ്ഥാപനത്തിന്റെ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.