മദീന: ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇസ്ലാമിക പുണ്യനഗരമായ മദീനയിൽ സന്ദർശനം നടത്തി. ഹജ് കരാർ ഒപ്പിടുന്നതിനായുള്ള ഔദ്യോഗിക സൗദി സന്ദർശനത്തിൻ്റെ രണ്ടാംദിനമാണ് മന്ത്രിമാർ മദീനയിൽ എത്തിയത്. പ്രവാചകന്റെ പള്ളിയും ഖുബാ മസ്ജിദും ഉഹ്ദ് പർവതവും മന്ത്രിമാർ സന്ദർശിച്ചു.
ഇസ്ലാമിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് നയിച്ച സൗദി ഭരണകൂടത്തിൻ്റെ നിലപാട്, ഭാരതത്തിൻ്റെ സാംസ്ക്കാരിക- ആധ്യാത്മിക സമഭാവനയ്ക്കുള്ള അംഗീകാരമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ജിദ്ദയിൽ ഹജ് വോളന്റിയർമാരുമായും കേന്ദ്രമന്ത്രിമാർ കൂടിക്കാഴ്ച നടത്തി.
പ്രവാസി സമൂഹത്തിൻ്റെ പ്രതിനിധികളും കൂടിക്കാഴ്ചയുടെ ഭാഗമായി. സൗദി – ഇന്തോ ബിസിനസ് മീറ്റിനെയും കേന്ദ്രമന്ത്രിമാർ അഭിസംബോധന ചെയ്തു. സൗദിയിലെ ഇന്ത്യൻ അംബാസഡറുമായും എംബസി ഉദ്യോഗസ്ഥരുമായും ഇരുമന്ത്രിമാരും കൂടിക്കാഴ്ച നടത്തി.