ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം ആകാശത്ത് ‘അജ്ഞാത വസ്തു’ (യുഎഫ്ഒ/ Unidentified Flying Object ) കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങളെ ഇറക്കി നിരീക്ഷണം നടത്തി. ഹസിമാര എയർബേസിൽ നിന്നും വന്ന റാഫേൽ യുദ്ധവിമാനങ്ങൾക്ക് അസ്വാഭാവികമായി ഒന്നും ആകാശത്ത് കണ്ടെത്താൻ സാധിച്ചില്ലെങ്കിലും വിമാനത്താവളത്തിൻ്റെ പ്രവത്തനം ഏതാനും മണിക്കൂറുകളിലേക്ക് താളം തെറ്റി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിൽ വ്യോമപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കിയതായി വ്യോമസേന അറിയിച്ചു.
മണിപ്പൂരിലെ ഇംഫാലിലെ ബിർ തികെന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലാണ് ഞായറാഴ്ച വൈകിട്ടോടെ ഒരു അജ്ഞാത വസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. നഗ്നേനത്രങ്ങൾ കൊണ്ടു തന്നെ ഇതിനെ കാണാൻ സാധിക്കുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിവരം വിമാനത്താവള അധികൃതരെ അറിയിച്ചു.
പിന്നാലെ ഇന്ത്യൻ വ്യോമസേനയ്ക്ക് വിവരം കൈമാറുകയും ഹസിമാര വ്യോമതാവളത്തിൽ നിന്നും ഒരു റാഫേൽ വിമാനം അതിവേഗം വിമാനത്താവള മേഖലയലിക്ക് എത്തുകയും ചെയ്തു. കുറച്ചു നേരം നിരീക്ഷണം നടത്തിയ റഫേൽ വിമാനത്തിന് പക്ഷേ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഈ വിമാനം ബേസിലേക്ക് മടങ്ങി. ശേഷം രണ്ടാമതൊരു വിമാനം കൂടി പരിശോധനയ്ക്കായി മേഖലയിലേക്ക് എത്തിയെങ്കിലും അതിനും ഒന്നും കണ്ടെത്താനായില്ല.
“വൈകിട്ട് 4 മണി വരെ എയർഫീൽഡിന്റെ പടിഞ്ഞാറോട്ട് നീങ്ങുന്ന നിലയിൽ ഈ വസ്തുവിനെ കാണാമായിരുന്നുവെന്ന് എയർപോർട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന CISF ഉദ്യോഗസ്ഥർ പറയുന്നു. അജ്ഞാത വസ്തുവിൻ്റെ സാന്നിധ്യത്തെ തുടർന്ന് നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിടേണ്ടി വന്നു. കൊൽക്കത്തയിൽ നിന്നുള്ള ഇൻഡിഗോ ആകാശത്ത് പലവട്ടം കറങ്ങി തിരിഞ്ഞാണ് ഗുവാഹത്തിയിൽ ലാൻഡ് ചെയ്തത്. ഇംഫാലിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ പലതും മൂന്ന് മണിക്കൂറിന് ശേഷമാണ് പോയത്.