അബുദാബി : യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ കൊണ്ടുവരാൻ അവസരം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,സിറ്റിസൺഷിപ്,കസ്റ്റംസ്,പോർട്ട് സെക്യൂരിറ്റി പ്രവാസികൾക്ക് ഗുണപ്രദമാകുന്ന പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്.
30 ദിവസം ,60 ദിവസം, 90 ദിവസം തുടങ്ങി വ്യത്യസ്ത കാലാവധിയുള്ള വിസയിൽ ആളുകളെ കൊണ്ടുവരാനാണ് അനുമതി. തുല്യ കാലാവധിയിൽ വിസ പുതുക്കുകയും ചെയ്യാമെന്ന സവിശേഷതയുമുണ്ട്. ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാവുന്ന വിസകൾ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് രാജ്യം വിടണമെന്നും ഇല്ലാത്ത പക്ഷം പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ആറുമാസം കാലാവധിയുള്ള പാസ്സ്പോർട്ട് , മടക്കയാത്രാ ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഉണ്ടായിരിക്കണെമെന്നും വിസ എടുക്കുന്നയാൾ യുഎഇ വിസക്കാരന്റെ സുഹൃത്തോ ബന്ധുവോ ആയിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.