ജി.സി.സി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായുള്ള ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചതായും അടുത്ത വര്‍ഷം തുടക്കത്തോടെ തന്നെ നടപ്പാക്കുമെന്നും യുഎഇ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി. വിസ നടപ്പാക്കാനുള്ള നടപടികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത മാസത്തോടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമങ്ങള്‍ കൂടി തയ്യാറാക്കുന്നതനുസരിച്ച് 2024ലോ 25ലോ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഷെങ്കന്‍ വിസയുടെ മാതൃകയിലുള്ള ഏകീകൃത ജി.സി.സി വിസ നടപ്പാക്കുകയാണ് ലക്ഷ്യം. ഒറ്റ വിസകൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ജിസിസിയിലെ ആറ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന തരത്തിലാണ് ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഏകീകൃത ടൂറിസ്റ്റ് വിസ കൊണ്ട് യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകും.
ഒമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗമാണ് ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കിയത്. യോഗത്തിന് പിന്നാലെ വിസ അടുത്ത വര്‍ഷം ആദ്യം നടപ്പാകുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.