മംഗളൂരു: മംഗളൂരുവിൽ മുസ്ലീം പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറി ജയ്ശ്രീം വിളിച്ച സംഭവത്തിൽ രണ്ട് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
കീർത്തൻ, സച്ചിൻ പരാരി എന്നിവരെയാണ് പൊലീസ് പിടിയിലായത്. സെപ്റ്റംബർ 24 ഞായറാഴ്ച രാത്രി 10.50-ഓടെയാണ് ഇരുവരും മംഗളൂരുവിലെ മർദൽ ബദ്രിയ ജുമ്മ മസ്ജിദിലേക്ക് ഒരു സ്കൂട്ടറിലെത്തിയത്. പള്ളിയുടെ തുറന്നിട്ട ഗേറ്റീലുടെ അകത്ത് പ്രവേശിച്ച ഇരുവരും ജയ് ശ്രീറാം വിളിക്കാൻ തുടങ്ങി.
എന്നാൽ പള്ളിക്കുള്ളിൽ ഉറങ്ങുകയായിരുന്ന പുരോഹിതൻ പുറത്തിറങ്ങിയതോടെ ഇരുവരും അതിവേഗം വണ്ടിയോടിച്ച് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കേസിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്നും ഇയാളെ കൂടി അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വർഗ്ഗീയ ലഹളയ്ക്കുള്ള ശ്രമം, പൊതുശല്യം, അതിക്രമിച്ചു കടക്കൽ, ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.