മെറ്റ പ്ലാറ്റ്ഫോമിനെതിരെ കേസ് കൊടുക്കുമെന്ന് ട്വിറ്റര്‍ സിഇഓ ഇലോണ്‍ മസ്ക്. പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ത്രെഡ്സ് ലോഞ്ച് ചെയ്തതിന് പിന്നാലെയാണ് കേസ് കൊടുക്കുമെന്ന് അറിയിച്ച് ട്വിറ്ററിന്റെ അഭിഭാഷകന് അലക്സ് സ്പിരോ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തയച്ചിരിക്കുന്നത്.
ട്വിറ്ററിന് സമാനമായ ഇന്‍സ്റ്റ്ഗ്രാം ആപ്പ് ആയ ത്രെഡ്സിന് കുറഞ്ഞ സമയത്തിനുള്ളില്‍ 30 മില്യണിലധികം ഫോളോവേഴ്സ് ആണ് ലഭിച്ചത്. ഇത് ട്വിറ്ററിന്റെ സ്വീകാര്യത കുറയ്ക്കുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് കേസ് കൊടുക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്.
മുന്‍ ട്വിറ്റര്‍ ജീവനക്കാരെ നിയമിച്ചുകൊണ്ട് ട്വിറ്ററിന്റെ വാണിജ്യ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് അലക്സ് സക്കര്‍ബര്‍ഗിനയച്ച കത്തില്‍ പറയുന്നു. ട്വിറ്ററിന്റെ അതേ ഫോര്‍മാറ്റ് കോപ്പിയടിച്ചെന്നും കത്തില്‍ പറയുന്നു.
ട്വിറ്റര്‍ അതിന്റെ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി റൈറ്റ്സ് കത്യമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനാല്‍ ട്വിറ്ററിന്റെ വാണിജ്യ രഹസ്യങ്ങളോ സ്വകാര്യ വിവരങ്ങളോ എടുക്കുന്ന നടപടി മെറ്റ ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും കത്തില്‍ പറയുന്നു. മത്സരം അംഗീകരിക്കാം എന്നാല്‍ വഞ്ചന അനുവദിക്കാനാവില്ലെന്നാണ് വിഷയത്തില്‍ ഇലോണ്‍ മസ്ക് പ്രതികരിച്ചത്.
അതേസമയം എന്നാല്‍ ത്രെഡ്സിന്റെ എന്‍ജിനീയറിംഗ് ടീമില്‍ മുന്‍ ട്വിറ്റര്‍ ജീവനക്കാര്‍ ആരും തന്നെയില്ലെന്നാണ് മെറ്റ ഇതിന് മറുപടി നല്‍കിയത്.
ട്വിറ്ററിന് സമാനമാണെങ്കിലും ഹാഷ്ടാഗോ, കീവേര്‍ഡ് സെര്‍ച്ചിംഗ് രീതിയോ നിലവില്‍ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം ആയ ത്രെഡ്സിനില്ല.