ഒട്ടോവ: കാനഡയെ അമേരിക്കയുടെ ഒരു സംസ്ഥാനമായി മാറ്റാമെന്ന യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവന നിസ്സാരമായി കാണേണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അൻപത് സംസ്ഥാനങ്ങളുള്ള അമേരിക്കയിലെ 51 -ാം സംസ്ഥാനമായി മാറാൻ കാനഡ തയ്യാറായാൽ നല്ലതാണെന്ന് നേരത്തെ പലവട്ടം ട്രംപ് പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡൻ്റായി വിജയിച്ച ട്രംപ് പിന്നീട് അധികാരമേറ്റ ശേഷം കാനഡയ്ക്ക് ഇറക്കുമതി തീരുവ ഈടാക്കുകയും ചർച്ചകളുടെ പശ്ചാത്തലത്തിൽ തീരുവ നീക്കം മരവിപ്പിക്കുകയും ചെയ്തിരുന്നു.
കനേഡിയൻ തലസ്ഥാനമായ ഒട്ടോവയിൽ വച്ച് വ്യവസായികളുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിലാണ് ട്രംപ് കാനഡയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളൊന്നും തമാശയായി കാണേണ്ടതില്ലെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. പൊതുവേദിയിൽ അല്ല ഒരു സ്വകാര്യ കൂട്ടായ്മയിലാണ് ട്രൂഡോ ഇക്കാര്യം പറഞ്ഞതെങ്കിലും പ്രസ്താവന ശരിയാണെന്ന് കാനഡയിലെ മാധ്യമങ്ങൾ സ്ഥിരീകരിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നു. യോഗത്തിൽ പങ്കെടുത്ത രണ്ട് കനേഡിയൻ വ്യവസായികളും ട്രൂഡോയുടെ പ്രസ്താവന ശരിവച്ചതായി അമേരിക്കൻ വാർത്താ മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ടൊറന്റോ സ്റ്റാർ എന്ന കനേഡിയൻ മാധ്യമമാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.
കാനഡയെ അമേരിക്കയോട് ചേർക്കാമെന്ന ട്രംപിൻ്റെ പ്രസ്താവന വെറുതെ തള്ളിക്കളയേണ്ട. അങ്ങനെയൊരു പദ്ധതി ട്രംപിനുണ്ട്. വെറും തമാശയോ പ്രസ്താവനയോ ആയി അതിനെ കാണേണ്ടതില്ല. കാനഡയുടെ സമ്പന്നമായ പ്രകൃതിവിഭവങ്ങളിൽ കണ്ണുവച്ചാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. നമ്മുടെ വിഭവങ്ങളെക്കുറിച്ചും നമുക്കുള്ളതിനെക്കുറിച്ചും അവർക്ക് നല്ല ബോധ്യമുണ്ട്, അവയിൽ നിന്ന് പ്രയോജനം നേടാൻ അവർ (അമേരിക്ക) വളരെയധികം ആഗ്രഹിക്കുന്നു. എന്നാൽ അതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിലൊന്ന് നമ്മുടെ രാജ്യത്തെ അങ്ങോട്ട് അറ്റാച്ച് ചെയ്യുക എന്നതാണ്. അതൊരു യഥാർത്ഥ പദ്ധതിയാണ് – ട്രൂഡോ പറഞ്ഞു.
കാനഡയ്ക്ക് എതിരായി ട്രംപ് ഇറക്കുമതി തീരുവയെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന ചർച്ച ചെയ്യാനാണ് ട്രൂഡോ രാജ്യത്തെ വ്യവസായികളുടെ യോഗം വിളിച്ചു കൂട്ടിയതെന്നാണ് റിപ്പോർട്ടുകൾ. യോഗം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങൾ വേദിയിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ ട്രൂഡോ മൈക്കിൽ കൂടി പറഞ്ഞ കാര്യങ്ങൾ പുറത്തു നിന്ന ചില മാധ്യമങ്ങൾ കേട്ടതോടെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ ആധി പുറത്തായത്.
യുഎസിലെ 51-ാമത്തെ സംസ്ഥാനമാകാൻ കാനഡ സമ്മതിച്ചാൽ കൂടുതൽ നല്ലതായിരിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം പലവട്ടം പറഞ്ഞിരുന്നു. അധിക നികുതിയടക്കമുള്ള യുഎസ് നടപടികളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന കാനഡ, അവർ അമേരിക്കയുടെ ഒരു വിശ്വസ്ത പങ്കാളിയാണെന്നും എണ്ണ, ധാതുക്കൾ, മറ്റ് പ്രകൃതി വിഭവങ്ങൾ എന്നിവയുടെ പ്രധാന വിതരണക്കാരനാണെന്നും നേരത്തെ പ്രതികരിച്ചിരുന്നു.
ട്രംപ് അധികാരമേറ്റതോടെ അമേരിക്കയുമായുള്ള ദീർഘകാല രാഷ്ട്രീയ വെല്ലുവിളികൾ കാനഡയ്ക്ക് നേരിടേണ്ടിവരുമെന്ന് ട്രൂഡോ നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കാനഡ എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയുടെ 75% അമേരിക്കൻ അതിർത്തി വഴിയാണ് അതിനാൽ യുഎസ് ഏർപ്പെടുത്തുന്ന ഏത് ഉപരോധവും കാനഡയെ പ്രതിസന്ധിയിലാക്കും. കനാഡയിൽ പത്ത് പ്രവിശ്യകൾ തമ്മിലുള്ള പല വ്യാപാര പ്രശ്നങ്ങളും സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ട്രൂഡോ ചൂണ്ടിക്കാട്ടുന്നു.
അതേസമയം അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കയറ്റുമതിയുടെ പ്രധാന സ്ത്രോസ്സായി കാനഡ മാറിയിരിക്കുന്നുവെന്നും വലിയ തരത്തിലുള്ള വിസ പ്രശ്നങ്ങൾ ഇരുരാജ്യങ്ങൾക്കിടയിലുണ്ടെന്നും ട്രംപിന്റെ മുതിർന്ന വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോ പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരെ അമേരിക്കയിലേക്ക് കാനഡ കടത്തിവിട്ടെന്നും അദ്ദേഹം ആരോപിച്ചു.