തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതൽ സൈലൻ്റ് വിമാനത്താവളമാകും. യാത്രക്കാർക്കുള്ള അറിയിപ്പുകളൊന്നും ഇനി വിമാനത്താവളത്തിൽ അനൌണ്സ് ചെയ്യില്ല. പകരം ഇവ ഡിജിറ്റൽ സ്ക്രീനുകളിൽ മുഴുവൻ സമയവും പ്രദർശിപ്പിക്കും. വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ സുഖപ്രദമാക്കാനാണ് പുതിയ പരിഷ്കാരം എന്ന് വിമാനത്താവളഅധികൃതർ പറയുന്നു.
മുംബൈ, അഹമ്മദാബാദ്, ലക്നൌ എന്നിവയാണ് നിലവിൽ ഇന്ത്യയിലെ സൈലൻ്റ വിമാനത്താവളങ്ങൾ. തിരുവനന്തപുരത്തെ ഒന്നാമത്തേയും രണ്ടാമത്തേയും ടെർമിനലുകളിലെ എല്ലാ ഭാഗങ്ങളിലും ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അനൌണ്സ്മെന്റ നിർത്തിയാലും യാത്രക്കാർക്ക് എല്ലാ വിവരങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം ബോർഡിംഗ് ഗേറ്റ് മാറ്റം, ഇൻലൈൻ ബാഗേജ് സ്ക്രീനിംഗ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പുകൾ തുടർന്നും പബ്ലിക് അനൌണ്സ്മെൻ്റ് സിസ്റ്റം വഴി തന്നെ യാത്രക്കാരെ അറിയിക്കും.