തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാന സർവീസുകൾ വൈകുന്നു. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ട് ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയിലെ ഒരു വിഭാഗം ജിവനക്കാരാണ് പണിമുടക്കുന്നത്. ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി പറഞ്ഞെങ്കിലും വിമാന സർവീസുകൾ വൈകുന്നുണ്ട്. കാർഗോ നീക്കത്തിലും വൻ പ്രതിസന്ധിയാണ് നേരിടുന്നത്.
വിദേശത്തേക്കുള്ള വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണ് കെട്ടിക്കിടക്കുന്നത്.എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ കാർഗോ നീക്കമാണ് മുടങ്ങിയത്.
പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ മാത്രമാണ് കാർഗോ നീക്കം നടന്നത്. ഈ വിമാനത്തിലേക്ക് ആറ് ജീവനക്കാർ ചേർന്ന് 23 ടൺ സാധനങ്ങൾ കയറ്റി അയച്ച ശേഷം മൂന്ന് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.