പാലക്കാട് വടക്കഞ്ചേരിയ്ക്ക് സമീപം മംഗലത്ത് കെ എസ് ആര് ടി സി യിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പത് പേർ മരിച്ചു. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമായിരുന്നു ബസ്സിൽ. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.
അതേസമയം ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വലത് വശത്തേക്ക് ഇടിച്ചു കേറുകയായിരുന്നു. മരിച്ചവരിൽ അഞ്ച് പേര് വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.
പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചു. മന്ത്രി എം ബി രാജേഷും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ ആശുപത്രിയിലും നെന്മാറ അവിറ്റീസ് ഹോസ്പിറ്റലിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമായാണ് പരിക്കേറ്റവരുള്ളത്.
ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. 50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയോടെ ആരംഭിക്കും. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്കുന്നതില് തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും അടിയന്തര സഹായം എത്തിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം അപകടം സംബന്ധിച്ച മന്ത്രിതല ഏകോപനം പാലക്കാട്, തൃശൂര്‍ കേന്ദ്രീകരിച്ച് മന്ത്രിമാരായ എംബി രാജേഷും കെ രാധാകൃഷ്ണനും നിര്‍വഹിച്ച് വരികയാണ്. ജില്ലാകളക്ടര്‍മാരെ ഏകോപിപ്പിച്ച് തിരുവനന്തപുരത്ത് നിന്ന് വകുപ്പുതല ഏകോപനവും നടത്തുന്നുണ്ട്.
പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതിനു ശേഷം പോസ്റ്റുമോർട്ടം നടപടികള്‍ക്ക് വേഗം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. ഡ്രൈവർമാരുടെ ഡ്രൈവിങ് പശ്ചാത്തലവും എക്സ്പീരിയൻസും പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി പ്രതികരിച്ചു. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങൾ ആർടിഒ ഓഫീസിൽ കൈമാറാൻ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.