ഇന്ന് മുഹറം പത്ത്. പ്രചോദനമായ ധാരാളം പാഠങ്ങൾ നിറഞ്ഞുനിൽക്കുന്ന പുണ്യ മാസമാണ് മുഹറം. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് മുഹറത്തെ കണക്കാക്കുന്നത്. മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളിൽ വ്രതമെടുത്താൽ ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.
മുഹറം എന്നാല്‍ നിഷിദ്ധമാക്കപ്പെട്ടത്, പവിത്രമായത് എന്നെല്ലാമാണ് അറബിയില്‍ അര്‍ത്ഥം. ഇസ്ലാം നിയമമനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളില്‍ ഒന്നാണ് മുഹറം. ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണിത്. ഹജ്ജ് കഴിഞ്ഞ് വിശ്വാസികൾ സൗദിയിൽ നിന്നും തിരിച്ചെത്തുന്ന മാസം കൂടിയാണ് മുഹറം. വിശ്വാസികൾ ഈ മാസത്തിൽ ഖുറാൻ മുഴുവനായി പാരായണം ചെയ്യാറുണ്ട്. ആദം നബി മുതൽ മുഹമ്മദ് നബിയെ വരെ ഈ ദിവസത്തിലാണ് അല്ലാഹു പല പരീക്ഷണങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുള്ളത് എന്നാണ് ചരിത്രം പറയുന്നത്.
യൂനുസ് നബിയെ തിമിംഗലത്തിന്റെ വയറ്റിൽനിന്ന് രക്ഷപ്പെടുത്തിയത്, സുലൈമാൻ നബിയുടെ അധികാരാരോഹണം, നംറൂദിന്റെ തീക്കുണ്ഠത്തിൽനിന്നും പ്രവാചകൻ ഇബ്രാഹിം രക്ഷപ്പെട്ടത്, മൂസാ നബിയും അനുയായികളും ഫറോവക്കെതിരെ നടത്തിയ വിമോചന സമരത്തിന്റെ വിജയം, യൂസുഫ് നബി താൻ അകപ്പെട്ട കിണറിൽനിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ നിരവധി സംഭവങ്ങൾ ഈ മാസത്തിൽ നടന്നതായി ചരിത്രം പറയുന്നു.