സങ്കൽപിക്കാവുന്നതിലും വേഗത്തിലും ശക്തിയിലുമായിരിക്കും ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചതെന്ന് വിദഗ്ദ്ധർ. സമുദ്രത്തിനടിയിലെ അതിമർദ്ദം തങ്ങാനാവാതെയാണ് പേടകം പൊട്ടിത്തെറിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു. സമുദ്രത്തിൻ്റെ അടിത്തട്ടിലേക്കും പോകും അതിമർദ്ദമാണ് അനുഭവപ്പെടുക. ഇതോടെ ഏതൊരു വസ്തുവും സ്വയം ചുരുങ്ങി പൊട്ടിത്തെറിക്കാനുള്ള പ്രവണത കാണിക്കും. സമാനമായ അവസ്ഥയിലേക്കാണ് ടൈറ്റാൻ പേടകവും എത്തിയത്. സമുദ്രോപരിതലത്തിൽ നിന്നും താഴേക്ക് പോകും തോറും മർദ്ദം കൂടി കൂടി വന്നു. അങ്ങേനെ സമുദ്രത്തിൻ്റെ അടിത്തട്ടിലേക്ക് എത്തും മുൻപുള്ള പൊട്ടിത്തെറിയിൽ എല്ലാം തീർന്നു – അമേരിക്കൻ സമുദ്രഗവേഷകനായ മൈക്കിൾ ഹാരീസ് പറയുന്നു.
സമുദ്രത്തിൻ്റെ ആഴങ്ങളിലേക്ക് ചെല്ലും തോറും സ്ഥിതി മാറും. ആകെ ഇരുട്ടാവും, തണ്ണുപ്പ് പൂജ്യം ഡിഗ്രിയിലേക്ക് എത്തും, നീലത്തിമിംഗലങ്ങൾക്ക് പോലും മൂവായിരം അടി ആഴത്തിൽ മാത്രമേ ചെന്നെത്താനാവൂ. അതിന് താഴേക്ക് സമുദ്രജീവികൾക്ക് പോലും അതിജീവനം സാധ്യമല്ല. കനത്ത അടിയൊഴുക്കും അതിമർദ്ദവും അതിജീവിക്കാനാവില്ല. ഇവിടെ ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം നേരിട്ട് പേടകം സഞ്ചരിക്കുന്നത് അതിനുള്ള കാർബണ് കവചം നൽകുന്ന ബലം കൊണ്ടാണ്. അതിന് വിളലോ പൊട്ടലോ വന്നാൽ കഴിഞ്ഞു. മില്ലിസെക്കൻഡുകൾ കൊണ്ട് പേടകം പൊട്ടിതകരും.
പേടകത്തിന് അകത്തുണ്ടായിരുന്നവർക്ക് എന്ത് സംഭവിച്ചു എന്ന് മനസ്സിലാവും മുൻപേ തന്നെ എല്ലാം കഴിഞ്ഞിരിക്കും. വേദനയുള്ള മരണമായിരിക്കില്ല അവർക്ക് ആർക്കും ഉണ്ടായത്. ഓഷ്യൻഗേറ്റിൻ്റെ കപ്പലുമായി ബന്ധം നഷ്ടപ്പെട്ട അതേസമയത്ത് തന്നെ പേടകം തകർന്നിരിക്കാനാണ് സാധ്യത. ഓക്സിജൻ തീർന്ന് പേടകം കുടുങ്ങി പോയിരിക്കാനുള്ള സാധ്യതയെല്ലാം വളരെ വിരളമാണ്. ആ അർത്ഥത്തിൽ മറ്റ് യാതനകളനുവദിക്കാതെ വേദനയറിയാതെയുള്ള അതിവേഗ മരണം അവർക്ക് ലഭിച്ചിരിക്കാം എന്ന് മാത്രമേ നമ്മുക്ക് ഇപ്പോൾ കരുതാൻ പറ്റൂ – വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.