വയനാട് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയയുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടി. വനം വകുപ്പ് വെച്ച ഒന്നാമത്തെ കൂട്ടില്‍ തന്നെ കടുവ കുടുങ്ങിയെന്നാണ് വിവരം.
യുവാവ് കൊല്ലപ്പെട്ട കോളനി കവലയ്ക്ക് സമീപമുള്ള കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കടുവ കെണിയിലായത്.
നേരത്തെ കടുവയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടിരുന്നു. ഇത് ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. പിടികൂടാന്‍ സാധിക്കില്ലെങ്കില്‍ കൊലപ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.
യുവാവിനെ കൊലപ്പെടുത്തി പത്താം ദിവസമാണ് കടുവയെ പിടികൂടുന്നത്. കടുവയെ നിരീക്ഷിക്കാന്‍ 25ഓളം ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. മൂന്ന് കൂടുകളും സ്ഥാപിച്ചിരുന്നു.
വാകേരിയില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുല്ലരിയാന്‍ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ ശരീരം കണ്ടെത്തിയത്.
കര്‍ഷകനെ കൊന്ന കടുവയെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.