വയനാട്: വയനാട് മാനന്തവാടിയിൽ ഇന്നലെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ സംസ്കാരം ഇന്ന്.ഗോത്രവിഭാഗക്കാരായ ഇവർ താമസിക്കുന്നതിന് സമീപത്തെ സമുദായ ശ്മശാനത്തിൽ രാവിലെ 11 മണിയോടെയാണ് സംസ്കാരച്ചടങ്ങുകൾ.മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. മാനന്തവാടി നഗരസഭാ പരിധിയിൽ യു.ഡി.എഫ്. ഇന്ന് ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കടുവയെ കൂടുവെച്ചോ മയക്കുവെടിവെച്ചോ പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവെച്ചുകൊല്ലാനാണ് ഉത്തരവ്. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ചായിരിക്കും നടപടി. കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയശേഷം ആദ്യഘട്ടത്തിൽ മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാൻ ശ്രമിക്കും. കഴിഞ്ഞില്ലെങ്കിലാണ് വെടിവെച്ചുകൊല്ലാൻ നടപടിയെടുക്കുക.മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്.
കാപ്പി പറിക്കാൻ പോയ സമയത്താണ് താത്കാലിക വനംവാച്ചറുടെ ഭാര്യയായ രാധയെ കടുവ ആക്രമിച്ചത്.