തൃശൂർ: തൃശൂർ ATM കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. പ്രതികളെ പിടികൂടിയത് തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും സാഹസികമായി. പൊലീസുകാരമായുളള ഏറ്റുമുട്ടലിൽ ഒരു പ്രതി വെടിയേറ്റ് കൊല്ലപ്പെടുകയും, എസ് ഐക്ക് കുത്തേൽക്കുകയും ചെയ്തു.നിലവിൽ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതികൾ. തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
പൂർണമായി ആസൂത്രണം ചെയ്തായിരുന്നു സംഘത്തിന്റെ കവർച്ച. മണ്ണുത്തിക്കടുത്ത് വെച്ചാണ് കാർ കണ്ടെയ്നറിൽ കയറ്റിയതെന്നാണ് നിഗമനം. നാമക്കല്ലിൽ വെച്ച് സംഘം സഞ്ചരിച്ച വാഹനം മറ്റൊരു ബൈക്കിൽ ഇടിച്ചിരുന്നു. ഇതേച്ചൊല്ലി നാട്ടുകാരുമായി തർക്കമുണ്ടാവുകയും വണ്ടി തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാൾ പൊലീസിന് നേരെ കത്തി വീശുന്നതും ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിക്കുന്നതും. പിന്നാലെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.
പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്.