നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ വീട് തകര്‍ന്നവരും വീടിന് കേട്പാടുകള്‍ പറ്റിയവരും. സ്ഫോടനത്തില്‍ എട്ട് വീടുകള്‍ തകര്‍ന്നു. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി. സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യക്കാന് ഉന്നയിക്കുന്നത്.
സ്ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ക്ഷേത്ര കമ്മിറ്റിക്കാണെന്നും അവരാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
വലിയ നാശനഷ്ടമാണ് കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ തൃപ്പൂണിത്തുറയില്‍ ഉണ്ടായത്. വെടിക്കെട്ട് നടക്കുന്ന മൈതനാത്തിന് ചുറ്റും ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടമുണ്ട്. പുതിയ കാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനം ഇന്‍ഷുറന്‍സ് പരിധിക്ക് അപ്പുറമാണെന്നാണ് വിവരം.
അതേസമയം പടക്കം ശേഖരിച്ചത് അനധികൃതമാണെന്ന് വ്യക്തമായിട്ടുണ്ട്. ക്ഷേത്രഭാരവാഹികള്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഫോടക വസ്തു നിയമപ്രകാരം ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ സ്ഫോടനത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നാല് പേര് കളമശ്ശേരി മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.