ജര്‍മ്മനി-കോസ്റ്റാറിക്ക മത്സത്തിൽ ലോകകപ്പിലെ ചരിത്ര നിമിഷം സംഭവിക്കും. തീ പാറുന്ന പോരാട്ടം നിയന്ത്രിക്കാനായി മൂന്ന് വനിതകളാണ് കളത്തിലിറങ്ങുന്നത്. വ്യാഴാഴ്ച്ച രാത്രി 12:30 ന് നടക്കുന്ന ജര്‍മ്മനിയും കോസ്റ്റാറിക്കയും തമ്മിലുള്ള മത്സരമാണ് വനിതാ റഫറിമാര്‍ നിയന്ത്രിക്കുക. ലോകകപ്പില്‍ ആദ്യമായി ഒരു വനിതാ റഫറി മത്സരം നിയന്ത്രിക്കുന്നു എന്ന ചരിത്ര നേട്ടവും ഈ മത്സരത്തിന് സ്വന്തമാകും.
ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പര്ട്ടാണ് മത്സരത്തിന്റെ പ്രധാന റഫറി. ബ്രസീലില്‍ നിന്നുള്ള ന്യൂസ ബക്കും മെക്സിക്കോയില്‍ നിന്നുള്ള കാരെന് ഡയസുമാണ് അസിസ്റ്റന്റ് റഫറിമാര്‍. 38- കാരിയായ സ്റ്റെഫാനി കഴിഞ്ഞാഴ്ച്ച നടന്ന പോളണ്ടും മെക്സിക്കോയും തമ്മിലുള്ള മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയായി കളത്തിലിറങ്ങിയിരുന്നു. മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, 2020-ലെ ചാമ്പ്യന്‍സ് ലീഗ് യൂറോപ്പ ലീഗ് മത്സരങ്ങളും സ്റ്റെഫാനി നിയന്ത്രിച്ചിരുന്നു.
2019-ല്‍ നടന്ന ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും സ്റ്റെഫാനിയായിരുന്നു റഫറി. ഫിഫ പുറത്തുവിട്ട 36 മെയ്ന്‍ റഫറിമാരുടെ പട്ടികയില്‍ സ്റ്റെഫാനിയെ കൂടാതെ രണ്ട് വനിതകള്‍ കൂടിയാണുള്ളത്. 69 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകള്‍ ഉണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വനിതാ റഫറിമാര്‍ ലോകകപ്പിന്റെ ഭാഗമാകുന്നത്.