കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. ആറ്റൂര്‍ സ്വദേശി ചിത്ര (46), മക്കളായ ആതിര (24), അശ്വിന്‍ (21) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. വീട്ടില്‍ മഴയത്ത് വൈദ്യുതി കട്ടായതോടെ അടുത്തുള്ള സര്‍വീസ് ലൈനില്‍ തട്ടി ശരിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിന്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയതോടെ ഷോക്കേല്‍ക്കുകയായിരുന്നു.
ഇത് കണ്ട് നിന്ന് സഹോദരി ആതിര അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടിമാറ്റാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ആതിരയ്ക്കും ഷോക്കേറ്റത്. ആതിര ഗര്‍ഭിണിയായിരുന്നു. ഇത് കണ്ട് ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റ് മരിച്ചത്.
ചൊവ്വാഴ്ചയാണ് സംഭവം. കന്യാകുമാരിയില്‍ നിര്‍ത്താതെ പെയ്ത മഴയിലാണ് വീട്ടില്‍ വൈദ്യുതി കണക്ഷന്‍ നിലച്ചത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കുഴിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ തിരുവട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.