ഗാസ: യുദ്ധക്കെടുതിയിൽ വലയുന്ന ഗാസയിൽ ഭക്ഷണം വാങ്ങാനുള്ള തിക്കിലും തിരക്കിലും മൂന്ന് പേർ മരിച്ചു. രണ്ട് പെൺകുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. വെള്ളിയാഴ്ച ഗാസയിലെ ഒരു ബേക്കറിക്ക് മുന്നിൽ ബ്രഡ് വാങ്ങാനുള്ള തിരക്കിനിടെയായിരുന്നു ദുരന്തം. ഒസാമ അബു ലഹാൻ എന്നയാളുടെ ഭാര്യയും മക്കളും ആണ് മരണപ്പെട്ടത്.
മേഖലയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിന് ഇടയിലാണ് സംഭവം. 13ഉം 17ഉം പ്രായമുള്ള പെൺകുട്ടികളുടേയും 50 വയസുള്ള സ്ത്രീയുടേയും മൃതദേഹം മധ്യ ഗാസയിലെ അൽ അഖ്സ മാട്രിയാർ ഹോസ്പിറ്റലിൽ എത്തിച്ചതായി മാധ്യമങ്ങൾ സ്ഥിരീകരിച്ചു. തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് ഇവരുടെ മരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഗാസയിലെ അൽ ബന്ന ബേക്കറിക്ക് മുന്നിലാണ് ഒരു കഷ്ണം ബ്രഡിന് വേണ്ടി നൂറുകണക്കിന് അഭയാർത്ഥികൾ തള്ളിക്കയറിയത്. ൧൪ മാസം പിന്നിട്ട പല്സ്തീൻ – ഇസ്രയേൽ സംഘർഷത്തിൽ ഏറ്റവും കുറച്ച് സഹായം എത്തിയത് കഴിഞ്ഞ രണ്ട് മാസങ്ങളിലാണ് എന്നാണ് റിപ്പോർട്ടുകൾ. പട്ടിണിയും അതിരൂക്ഷമായ പലസ്തീനിൽ ഭക്ഷണം പോലും കിട്ടാതെ ജനം വലയുന്നതിൻ്റ തെളിവായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗാസയിലെ ബേക്കറികൾ ധാന്യപ്പൊടികൾ ലഭ്യമാകാത്തത് മൂലം അടച്ചിട്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ അടച്ചിട്ട ബേക്കറികളിലൊന്ന് വീണ്ടും തുറന്നപ്പോൾ വലിയ രീതിയിലാണ് ആൾക്കൂട്ടം ഇവിടേക്ക് എത്തിയത്. ഈ തിക്കിലും തിരക്കിലുമാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. ഗാസ മുനമ്പിലെ പലസ്തീൻകാർ ബേക്കറികളേയും ജീവകാരുണ്യ സംഘടനകളുടെ ഭക്ഷണ വിതരണത്തേയും ആശ്രയിച്ചാണ് ഒരു നേരത്തെ ഭക്ഷണം കണ്ടെത്തുന്നത്.
ഗാസയിൽ പട്ടിണിയിലായ പാലസ്തീൻകാർക്ക് ഭക്ഷണവുമായി എത്തിയ യുഎൻ വാഹനങ്ങൾ കൊള്ളയടിച്ചതായി റിപ്പോർട്ട് വന്നത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ഭക്ഷണം അടക്കമുള്ള സഹായവുമായി എത്തിയ 109 യുഎൻ ലോറികളാണ് ശനിയാഴ്ച ഗാസയിൽ തട്ടിയെടുക്കപ്പെട്ടത്. പാലസ്തീനിലെ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് റീലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ വാഹന വ്യൂഹമാണ് ആയുധങ്ങളുമായി എത്തിയവർ തട്ടിയെടുത്തത്. 79 ലോറികളാണ് നഷ്ടമായത്. ഇസ്രയേൽ നിയന്ത്രണത്തിലുള്ള കെരേം ശാലോമിലൂടെ വാഹന വ്യൂഹം കടന്നുപോകുമ്പോഴായിരുന്നു അക്രമം നടന്നതെന്നാണ് യുഎൻ വിശദമാക്കുന്നത്.
ഗാസയിൽ ഒരു രീതിയിലുള്ള സഹായ പ്രവർത്തനങ്ങളും സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നാണ് യുണൈറ്റഡ് നേഷൻസ് റീലീഫ് ആൻഡ് വർക്സ് ഏജൻസി കമ്മീഷണർ ഫിലിപ്പെ ലസാരിനി നേരത്തെ വിശദമാക്കിയത്. രണ്ട് ദശലക്ഷത്തിലധികം ജനങ്ങൾ പട്ടിണി കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്ഷാമ സമാനമായ സാഹചര്യമാണ് പാലസ്തീൻ ജനത നേരിടുന്നതെന്നാണ് യുഎൻ നേരത്തെ വിശദമാക്കിയിരുന്നു.