ദുബായ്: ദുബായിൽ മൂന്ന് ഇന്ത്യക്കാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ക്ലീനിംഗ് കമ്പനിയിലെ തൊഴിലാളികളായ മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരെല്ലാം രാജസ്ഥാൻ സ്വദേശികളാണ്.

ഉദയ്പൂർ സ്വദേശികളാ രാംചന്ദ്ര(36), പരശ് റാം ഗർജാർ(23), ശ്യാംലാൽ ഗുർജാർ(29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന മൂവരെയും രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമികനിഗമനം. ഉദയ്പൂരിലെ നാരായൺ ലാൽ ജാൻവർ–ഉൻകരി ബായ് ദമ്പതികളുടെ മകനാണ് രാംചന്ദ്ര. ഇയാൾ അവിവാഹിതനാണ്. ഹിമരാജ് ഗർജാർ ആണ് പരശ് റാമിൻ്റെ പിതാവ്. മാതാവ്: ഗോപി ദേവി. ഭദ്രിലാൽ ഗുർജാർ ആണ് ശ്യാംലാലിൻ്റെ പിതാവ്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ദുബായ് പൊലീസിൻ്റെ നിയന്ത്രണത്തിൽ മോർച്ചറിയിലേക്ക് മാറ്റിയതായും നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
