ഡൽഹി: എച്ച്-4 വിസയ്ക്ക് കീഴിൽ പ്രായപൂർത്തിയാകാത്തവരായി അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതാവസ്ഥയിൽ. അമേരിക്കയിൽ കുടിയേറിയ പ്രവാസി ഇന്ത്യക്കാരുടെ മക്കളാണ് ഇങ്ങനെയൊരു പ്രതിസന്ധി നേരിടുന്നത്. യുഎസിലെ നിലവിലെ ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരം, എച്ച്1-ബി വിസ ഉടമകളായ മാതാപിതാക്കളുടെ ആശ്രിതരായി അവർക്ക് ഇനി യോഗ്യത ലഭിക്കില്ല. പ്രായപൂർത്തിയായ ശേഷം മറ്റൊരു വിസയിലേക്ക് മാറാൻ അവർക്ക് രണ്ട് വർഷം സമയമുണ്ടായിരുന്നു. എന്നാൽ ഇമിഗ്രേഷൻ നയത്തിലെ സമീപകാലമാറ്റങ്ങൾ ഇവരുടെ ഭാവി തുലാസ്സിലാക്കിയിരിക്കുകയാണ്.
കാനഡ, യുകെ പോലെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറാനാണ് പലരും ശ്രമിക്കുന്നത്. അമേരിക്കയുടെ ഗ്രീൻ വിസ ലഭിക്കാൻ നേരിടുന്ന കാലതാമസവും ഇന്ത്യൻ കുടിയേറ്റക്കാരെ നിരാശപ്പെടുത്തുന്നു. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) അടുത്തിടെ 2026 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്-1ബി വിസകൾക്കുള്ള രജിസ്ട്രേഷൻ കാലയളവ് പ്രഖ്യാപിച്ചിരുന്നു. നടപടികൾ മാർച്ച് 7 ന് ആരംഭിച്ച് മാർച്ച് 24 വരെ നീണ്ടുനിൽക്കും. കുടിയേറ്റേതര വിസയായ എച്ച്-1ബി വിസ, സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്നു.
ഒരു വർഷം പരമാവധി 65,000 H-1B വിസകളാണ് ചട്ടപ്രകാരം അനുവദിക്കാനാവുക. യുഎസ് മാസ്റ്റർ ബിരുദമുള്ള അപേക്ഷകർക്ക് 20,000 അധിക വിസകളും നൽകും. 2023 മാർച്ച് വരെ, ഏകദേശം 1.34 ലക്ഷം ഇന്ത്യൻ കുട്ടികൾ അവരുടെ കുടുംബങ്ങൾക്ക് ഗ്രീൻ കാർഡുകൾ ലഭിക്കുന്നതിന് മുമ്പ് ആശ്രിത വിസ പദവിയിൽ നിന്ന് പുറത്തുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നു. യുഎസ് ഇമിഗ്രേഷൻ സംവിധാനത്തിലെ കാലതാമസം കാരണം പലരും സ്ഥിര താമസത്തിനായി നീണ്ട കാത്തിരിപ്പ് നേരിടേണ്ടിവരും, ചില അപേക്ഷകൾക്ക് 12 മുതൽ 100 വർഷം വരെ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.