റിയാദ്: മിസ്സ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദ്ദി അറേബ്യ ആദ്യമായി പങ്കെടുക്കുന്നുവെന്ന വാർത്തകൾ വ്യാജം. ഇത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മിസ്സ് യൂണിവേഴ്സിൽ സൗദ്ദി അറേബ്യ മത്സരിക്കുന്നില്ലെന്നും മിസ്സ് യൂണിവേഴ്സ് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സൗദി അറേബ്യ ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന തരത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചത്. സൗദി മോഡലായ റൂമി അല്ഖഹ്താനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നുള്ളതായിരുന്നു വാർത്തകൾ. എന്നാൽ ഈ വർഷത്തെ മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളിക്കളയുകയാണെന്ന് സംഘാടകർ പറഞ്ഞു. സൗദി അറേബ്യയിൽ നിന്ന് മത്സരാർഥിയെ പങ്കെടുപ്പിക്കുന്നതിനായി യാതൊരു സെലക്ഷൻ നടപടികളും നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സെലക്ഷൻ നടപടികൾ ഏറെ കടുപ്പമേറിയതാണ്. ഇതിന് വ്യക്തമായ നയവും ചട്ടങ്ങളുമുണ്ട്. മിസ്സ് യൂണിവേഴ്സിൽ പങ്കെടുക്കുന്ന നൂറിലേറെ രാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ സൗദ്ദി അറേബ്യയില്ലെന്നും സംഘാടകർ വ്യക്തമാക്കി.