ദുബായ് : ഈ വര്‍ഷത്തെ ശൈഖ് സായിദ് ചാരിറ്റി മാരത്തണ്‍ കേരളത്തില്‍ വെച്ച് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച് യു.എ.ഇ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് യു.എ.ഇ അധികൃതരുമായി ചര്‍ച്ച നടത്തി.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. ഈ വര്‍ഷം അവസാനം യു.എ.ഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാകും മാരത്തണ്‍ സംഘടിപ്പിക്കുക.
2005-ല്‍ ന്യൂയോര്‍ക്കിലാണ് സായിദ് ചാരിറ്റി മാരത്തണ്‍ ആരംഭിച്ചതെന്ന് ലെഫ്റ്റനന്റ് ജനറല്‍ കാബി വിശദീകരിച്ചു. ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതിക്ക് വേണ്ടിയുള്ള ധനസമാഹരണമാണ് ഈ മാരത്തണിന്റെ പ്രധാന ലക്ഷ്യം. യു.എ.ഇയില്‍ താമസിക്കുന്ന മലയാളികളുടെ എണ്ണം കൂടിയതും എമിറേറ്റികളോട് അവര്‍ കാണിക്കുന്ന സ്നേഹവും വാത്സല്യവുമാണ് പരിപാടിയുടെ വേദിയായി കേരളത്തെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയില്‍ താമസിക്കുന്ന 3.5 ദശലക്ഷത്തിലധികം ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്.
പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ കേരളത്തെ തെരഞ്ഞെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്തോഷം രേഖപ്പെടുത്തി. ഈ ആഗോള പരിപാടിയുടെ വേദിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ കേരളത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ സംരംഭം യു.എ.ഇയും ഇന്ത്യയും പ്രത്യേകിച്ച് യു.എ.ഇയില്‍ വലിയ പ്രവാസികളുള്ള കേരളവും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് അംബാസഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു. ഇത് കേരളത്തിനല്ല, രാജ്യത്തിനാകെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയുടെ സാങ്കേതികവും അനുബന്ധവുമായ വിവിധ വശങ്ങള് ഏകോപിപ്പിക്കുന്നതിനും അന്തിമമാക്കുന്നതിനും കേരള സര്‍ക്കാര്‍ ഒരു ഉന്നതതല സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. ഈ പരിപാടി സംഘടിപ്പിക്കുന്നതിന്റെ വിവിധ വശങ്ങള് ഇന്ത്യന്‍ എംബസി ഏകോപിപ്പിക്കും. പരിപാടി സംഘടിപ്പിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും യു.എ.ഇ അധികൃതര്‍ വഹിക്കും. ലെഫ്റ്റനന്റ് ജനറല്‍ അല്‍ കാബി ഇക്കാര്യത്തില്‍ യൂസഫലിയുടെ ശ്രമങ്ങള്‍ക്ക് പ്രത്യേകം നന്ദി പറയുകയും യു.എ.ഇ-ഇന്തോ ബന്ധത്തെ പിന്തുണയ്ക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
സായിദ് ചാരിറ്റി മാരത്തണ്‍ ചെയര്മാന് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ കാബി, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, സായിദ് ചാരിറ്റി മാരത്തണിന്റെ ഉന്നത സംഘാടക സമിതി അംഗങ്ങളായ ഹമൂദ് അബ്ദുല്ല അല്‍ ജുനൈബി, അഹമ്മദ് മുഹമ്മദ് അല്‍ കാബി, പ്രമുഖ വ്യവസായി എം.എ യൂസഫലി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ സായിദ് ചാരിറ്റി മാരത്തണ്‍, യു.എ.ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദിന്റെ ബഹുമാനാര്‍ത്ഥം നടക്കുന്ന ലോകമെമ്പാടുമുള്ള മാനുഷിക ഓട്ട മത്സരമാണ്.