ജീവിതച്ചിലവ് വർധിച്ചതോടെ പ്രതിസന്ധിയിലായ അയർലൻഡിലെ വിദ്യാർഥികൾ പ്രതിഷേധത്തിലേക്ക്. താമസത്തിനും പഠനത്തിനുമുളള ചിലവ് താങ്ങാനാവാതെ വന്നതോടെയാണ് അയര്‍ലന്‍ഡിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ യൂണിയന് ഓഫ് സ്റ്റുഡന്റ്സ് ഇന്‍ അയര്‍ലന്‍ഡിന്റെ (USI) നേതൃത്വത്തില്‍ ക്ലാസുകൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിക്കും.
പ്രതിവർഷം € 3,000 ആയ വിദ്യാർത്ഥികളുടെ സംഭാവന ചാർജ് നിർത്തലാക്കണമെന്നതാണ് യൂണിയന്റെ പ്രധാന ആവശ്യം. താരതമ്യേന യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ചാര്‍ജ്ജ് 1000 യൂറോ കുറയ്ക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇത് സ്വീകാര്യമല്ല എന്ന നിലപാടാണ് വിദ്യാർഥി യുണിയനുള്ളത്. സുസി ഗ്രാന്റ് പരിഷ്കരണം, PhD സ്റ്റൈപ്പെന്റുകള്‍ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയന് മുന്നോട്ട് വയ്ക്കും.
വിദ്യാര്‍ഥികളുടെ താമസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടലുകള്‍ യൂണിയന് ആവശ്യപ്പെടും. വിദ്യാര്‍ഥികളുടെ താമസസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പർപ്പസ് ബിൽഡ് സ്റ്റുഡന്റ് അക്കൊമെഡേഷനിൽ (PBSA) 40% സര്‍ക്കാര്‍ നിക്ഷേപം നടത്തണമെന്നും, സ്വകാര്യ PBSA നിര്‍മ്മാണങ്ങള്‍ അവസാനിപ്പിക്കണമെന്നും വിദ്യാര്‍ഥി യൂണിയന് ആവശ്യപ്പെട്ടു.