തണ്ണീര്‍ കൊമ്പന് ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. അഞ്ചംഗ സംഘമായിരിക്കും അന്വേഷിക്കുക. സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ആന ചരിഞ്ഞത് സംബന്ധിച്ച് വിദഗ്ധ സമിതി സുതാര്യമായ അന്വേഷണം നടത്തും. വിജിലന്‍സിന്റെ വെറ്ററിനറി വിദഗ്ധരുടെയും എന്‍ജിഒയുടെയും സംഘമായിരിക്കും അന്വേഷിക്കുക.
മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലേക്കെത്തിച്ച ആനയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ണാടക- കേരള സര്ജന്മാരുടെ സംയുക്ത സംഘമായിരിക്കും ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തുക. ആനയെ മയക്കുവെടി വെക്കാന്‍ വൈകിയത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയായിരുന്നു എന്നും മന്ത്രി പറഞ്ഞു.
മയക്കുവെടി വെക്കാനുള്ള സൂചി കൊണ്ടുവന്നത് പോലും മാധ്യമങ്ങള്‍ നേരിട്ട് കണ്ടതാണ്. അത്രയും സുതാര്യമായി നടത്തിയ ദൗത്യമാണ്. ഇനിയുള്ള നടപടികളും സുതാര്യമാകണെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കര്‍ണാടക വനം വകുപ്പിന് കൈമാറിയ ശേഷമാണ് പുലര്‍ച്ചയോടെ ആന ചരിഞ്ഞത്.