ഡൽഹി: ഇലോൺ മസ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നുവെന്ന് സൂചന.13 തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തേടി ലിങ്ക്ഡ്ഇൻ പരസ്യം നൽകി.കസ്റ്റമർ സർവീസ്, ബാക്ക് എൻഡ് അടക്കം 13 തസ്തികകളിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചത്. സർവീസ് ടെക്നീഷ്യൻ, വിവിധ ഉപദേശക തസ്തികകൾ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും മുംബൈയിലും ഡൽഹിയിലുമാണ്.
കസ്റ്റമർ എൻഗേജ്മെന്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകൾ മുംബൈയിലാണ്.ടെസ്ല മുൻകാലങ്ങളിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉയർന്ന ഇറക്കുമതി തീരുവ കമ്പനിയെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. 40,000 ഡോളറിൽ കൂടുതൽ വിലയുള്ള ഉയർന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110% ൽ നിന്ന് 70% ആയി സർക്കാർ അടുത്തിടെ കുറച്ചു.
ഇത് ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ ടെസ്ല വേഗത്തിലാക്കാൻ കാരണമായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇലോൺ മസ്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് തീരുമാനമെന്നാണ് വിവരം.