തിരുവനന്തപുരം: സംസ്ഥാനത്തെ അന്തരീക്ഷ താപനില കൂടുതൽ ദുസഹമാകുന്നു. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതോടെ എല്ലാ ജില്ലകളിലും താപനില 35 ഡിഗ്രീ സെൽഷ്യസിനും 38 ഡിഗ്രീ സെൽഷ്യസിനും ഇടയിൽ അനുഭവപ്പെട്ടേക്കും എന്നാണ് പ്രവചനം. ഏതാനും ദിവസങ്ങളായി കേരളത്തില്‍ കാര്യമായ ചൂട് അനുഭവപ്പെടുന്നുണ്ട്. പല ജില്ലകളിലും പകല്‍ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്തത്ര ചൂടാണ്.
കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും, കണ്ണൂർ, തിരുവനന്തപുരം *ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും ഉയർന്ന താപനില 35 നും 38°c ഇടയിൽ അനുഭവപ്പെടാനാണ് സാധ്യത.
ചൂട് കഠിനമായതോടെ ജനങ്ങൾക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. കേരളത്തില്‍ വേനൽ കടുത്തതോടെ ആളുകൾക്ക് നിര്‍ജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും അതിനാൽ പ്രത്യേക ശ്രദ്ധ വേണമെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.
തണുപ്പുകാലത്തില്‍ നിന്ന് വേനൽക്കാലത്തിലേക്കുള്ള ചുവടുമാറ്റമാണ് ഇപ്പോൾ സംഭവിക്കുന്നത്. അതിനാല്‍ തന്നെ പലരും ഇതിനെ ഗൗരവത്തോടെ സമീപിക്കണമെന്നില്ല. ദാഹം അനുഭവപ്പെടുന്നത് പോലും അറിയാതിരിക്കാം. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ ചെറുതല്ലാത്ത രീതിയില്‍ ബാധിക്കാം.
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്ന അവസ്ഥയെ ആണ് നിര്‍ജലീകരണം എന്ന് വിശേഷിപ്പിക്കുന്നത്. ശരീരത്തിന് നിർജലീകരണം സംഭവിച്ചാലും ചിലപ്പോൾ നമ്മുക്ക് മനസ്സിലാവില്ല. അതിനാൽ നേരിട്ട് വെയിൽ കൊള്ളുന്ന സാഹചര്യം പരമാവധി ഒഴിവാക്കുകയും നന്നായി വെള്ളം കുടിക്കുകയും ചെയ്യണം. ശരീരത്തിൻ്റെ ചൂട് കൂട്ടുന്ന തരത്തിൽ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയും ചെയ്യണം.
നിർജലീകരണം സംഭവിച്ചാൽ വായ വല്ലാതെ വരണ്ടുപോവുക, അമിതമായ ദാഹം എന്നിവയുണ്ടാകാം. തലവേദന, സ്കിൻ ഡ്രൈ ആകുക, മൂത്രം കുറവാവുക, തളര്‍ച്ച, തലകറക്കം, കൈകാലുകളില്‍ വേദന എന്നിവയെല്ലാം നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളായി കാണാവുന്നതാണ്. നിര്‍ജലീകരണം മൂര്‍ച്ഛിക്കുമ്ബോള്‍ അത് അത്യധികമായ ദാഹം, വായും നാവും അമിതമായി വരണ്ടുപോകുന്ന അവസ്ഥ, കടും മഞ്ഞ നിറത്തിലുള്ള മൂത്രം, മൂത്രം തീരെ പോകാതിരിക്കുന്ന അവസ്ഥ, കണ്ണുകള്‍ കുഴിഞ്ഞുപോകുന്ന അവസ്ഥ, കണ്ണഇല് നീരില്ലാത്ത അവസ്ഥ, അസ്വസ്ഥത, അധികമായ തളര്‍ച്ച, പെരുമാറ്റത്തില്‍ തന്നെ വ്യത്യാസം എല്ലാം കാണാം.
പെട്ടെന്ന് തളര്‍ന്നുവീഴുക, ഓക്കാനം വരിക, നെഞ്ചിടിപ്പ് കൂടുകയെല്ലാം ഉണ്ടായാല്‍ ആദ്യം തണലത്തേക്ക് മാറുകയും പിന്നീട് വൈകാതെ തന്നെ ആശുപത്രിയില്‍ പോവുകയും വേണം. സൂര്യാഘാതത്തിനുള്ള സാധ്യതയും ചൂട് ഉയരുമ്ബോള്‍ കാണാം. ഇതും ഏറെ ശ്രദ്ധിക്കേണ്ടതാണ്.
പകല്‍ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെയുള്ള സമയമാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. ഈ സമയത്താണ് സൂര്യനില്‍ നിന്നുള്ള ചൂട് കൂടുതലായി ഭൂമിയില്‍ വീഴുന്നത്.
ചൂട് കൂടുതലുള്ള സമയത്ത് അധികനേരം പുറത്ത് ചിലവിടാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക, ജലാംശമുള്ള പഴങ്ങളും പാനീയങ്ങളും കഴിക്കുക, ദാഹിച്ചാലും മധുരപാനീയങ്ങള്‍ ഒഴിവാക്കുക, ചായയും കാപ്പിയും പരിമിതപ്പെടുത്തുക എന്നിവയെല്ലാം നിര്‍ജലീകരണം തടയാൻ ചെയ്യാവുന്നതാണ്.