ഇന്ത്യൻ കാർ വിപണിയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ടാറ്റാ. 2023 -ൽ ഏറ്റവും കൂടുതൽ വിറ്റുപോയത് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് കാറായിരുന്നു. 2023ൽ 2,03,469 സ്വിഫ്റ്റ് കാറുകളാണ് രാജ്യത്താകെ മാരുതി വിറ്റത്.
എന്നാൽ ഈ വർഷം രാജ്യത്തെ ഒന്നാം നിര കാർ നിർമ്മാതാക്കാളായ മാരുതിയെ മറികടന്ന് ടാറ്റായുടെ ഒരു കാറാണ് വിപണിയിൽ ഒന്നാമത് എത്തിയത്. ടാറ്റയുടെ കോമ്പാക്ട് എസ് യു വി വിഭാഗത്തിൽ ഉൾപ്പെടുന്ന ‘ടാറ്റ പഞ്ച്’ ആണ് വിൽപനയിൽ മുന്നിലെത്തിയത്. 2024ൽ 2,00,678 പഞ്ച് കാറുകളാണ് രാജ്യമാകെ ടാറ്റാ ഗ്രൂപ്പ് വിറ്റത്.
2023-ൽ കാർ വിൽപനയിൽ ഏഴാം സ്ഥാനത്തായിരുന്നു പഞ്ച്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മാരുതി സുസൂക്കിയുടെ സ്വിഫ്റ്റ് ഈ വർഷം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പോലും ഇടംപിടിച്ചില്ലെന്നതും ശ്രദ്ധേയം. മാരുതിയുടെ ടോൾബോയ് ഹാച്ച്ബാക്കായ വാഗൺആർ ആണ് വിൽപനയിൽ രണ്ടാമത്. ഈ വർഷം 187,200 യൂണിറ്റാണ് വാഗൺആറിന്റെ വിൽപ്പന. ഹ്യുണ്ടായിയുടെ ജനപ്രിയ മിഡ്സൈസ് എസ്യുവിയായ ക്രെറ്റ 183782 യൂണിറ്റ് വിൽപ്പനയുമായി മൂന്നാമതെത്തി. മാരുതി എർട്ടിഗയും മാരുതി ബ്രെസയുമാണ് നാല് അഞ്ച് സ്ഥാനങ്ങളിൽ. ഈ കാറുകൾ യഥാക്രമം 183762, 183718 യൂണിറ്റ് വിൽപ്പന നേട്ടം കൈവരിച്ചു.