ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പം വീടിനും കുടുംബത്തിനും അകത്ത് കഴിഞ്ഞു കൂടിയ ഒരു വീട്ടമ്മയായിരുന്ന അടൂർ സ്വദേശിനി ഷീബ വർഗ്ഗീസ്. പക്ഷേ ഏഴ് വർഷം മുൻപൊരു ദിവസം അപ്രതീക്ഷിതമായി വിധി ഭർത്താവിൻ്റെ ജീവൻ കവർന്നതോടെ ഷീബയുടെ ജീവിതം കീഴ്മേൽ മറിഞ്ഞു.
പൂർണമായും ഭർത്താവിനെ ആശ്രയിച്ച് ജീവിച്ച ഷീബയ്ക്ക് മുന്നോട്ടുള്ള ജീവിതം വലിയൊരു ചോദ്യചിഹ്നമായിരുന്നു. തളർന്നിരിക്കാൻ സാധിക്കുമായിരുന്നില്ല ഷീബയ്ക്ക്, തൻ്റെ രണ്ട് മക്കളുടെ ജീവിതം അവർക്ക് സുരക്ഷിതമാക്കേണ്ടിയിരുന്നു. കണ്ണീർ തുടച്ച് ഷീബ ഇറങ്ങിയത് ഒരു നീണ്ട പോരാട്ടത്തിനായിരുന്നു. പാടത്ത് പണി ചെയ്തും തൊഴിലുറപ്പിന് പോയും വീട്ടിനു ചുറ്റുമുള്ള റബ്ബർ മരങ്ങൾ ടാപ്പ് ചെയ്തും ഷീബ അരിമണി പെറുക്കും പോലെ ഒരു രൂപയും സ്വരൂപിച്ചു.
ഭർത്താവ് മരിക്കുമ്പോൾ ഡിഗ്രീക്ക് പഠിക്കുകയായിരുന്നു മൂത്തമകൾ സ്നേഹ. അവളുടെ പഠനം പൂർത്തിയാക്കാനും ഇളയ മകൾ സൂര്യയെ എംബിഎയ്ക്ക് അയക്കാനും ഷീബയ്ക്ക് ആയി. ആറു വർഷത്തിനിപ്പുറം ആധി നിറഞ്ഞതല്ല ഷീബയുടെ ജീവിതം.. മക്കൾ രണ്ട് പേരും ജോലി നേടിയിരിക്കുന്നു. മൂത്തമകൾ സ്നേഹം വിവാഹം കഴിഞ്ഞു ദുബായിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്നു.
എഡിറ്റോറിയിൽ തനിഷ്ക് മിഡിൽ ഈസ്റ്റ് മായിലേക്ക് ഷീബയുടെ ജീവിതം വിവരിച്ച് കുറിപ്പെഴുതിയത് സ്നേഹയാണ്. സ്നേഹയുടെ വാക്കുകളിൽ വരച്ചിട്ട ആ അമ്മ ജീവിതം തേടി ഞങ്ങൾ അടൂരിലെ ഷീബയുടെ വീട്ടിലെത്തി. ഇപ്പോൾ തനിഷ്ക് മാ കോണ്ടസ്റ്റ് ജേതാക്കളായി യുഎഇയിലേക്ക് എത്തുന്ന അഞ്ച് അമ്മമാരിൽ ഒരാൾ ഷീബയാണ്. എഡിറ്റോറിയൽ വാഗ്ദാനം ചെയ്ത പോലെ ഈ ഓണം മകൾക്കും ഭർത്താവിനുമൊപ്പം ഷീബയ്ക്ക് ആഘോഷിക്കാം.
സ്നേഹ ഞങ്ങൾക്ക് അയച്ച കുറിപ്പ് വായിക്കാം –
അമ്മ നടന്ന വഴികൾ
ചിലപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് എന്ത് ഭംഗിയായിട്ടാണ് എന്റെ അമ്മ ഞങ്ങൾ രണ്ട് പേരെയും കരുതുന്നത് സ്നേഹിക്കുന്നത്.
കുറവുകളെതുമില്ലാതെ 24 വർഷം ഞാൻ ഈ ഭൂമിയിൽ ജീവിച്ചിട്ടുണ്ടെങ്കിൽ അതെന്റെ അമ്മയുടെ കലർപ്പില്ലാത്ത സ്നേഹത്തിന്റെയും
സംരക്ഷണത്തിന്റെയും ആകെ തുകയാണ്. പപ്പയും അമ്മയും ഞാനും അനിയത്തിയും അടങ്ങിയ ചെറിയ സന്തുഷ്ട കുടുംബം. അവരുടെ വിയർപ്പിന്റെ ഫലത്താൽ പട്ടിണി എന്തെന്ന്അറിഞ്ഞിട്ടില്ല.
ദൈവ വിശ്വാസി ആയ അമ്മ., വിശ്വാസം തീരെ ഇല്ലാത്ത അപ്പൻ. ഇതൊക്കെ ആണെങ്കിൽ കൂടി അവരുടെ സ്നേഹം എന്നെ എന്നും
അത്ഭുതപെടുത്തിയിട്ടുണ്ട്. പഠനത്തിൽ above ആവറേജ് ആയിരുന്ന ഞാൻ പ്ലസ് ടുവിന് ശേഷം ബികോം എടുത്തു. തരക്കേടില്ലാതെ പോകുമ്പോഴാണ് കുടുംബത്തിലെ ആദ്യ തകർച്ച സംഭവിക്കുന്നത്…
ഓടി നടന്നിരുന്ന അപ്പൻ പെട്ടന്ന് കിടപ്പിലാകുന്നു. ഒരു ചെറു ചൂടിൽ തുടങ്ങിയതാണ്. നിർത്താതെ ഉള്ള അസ്വസ്ഥതയ്ക്കൊടുവിൽ ഹോസ്പിറ്റലിൽ കാണിച്ചു. ടൈഫോയ്ഡ് ആണെന്നായിരുന്നു ആദ്യ നിഗമനം. തുടരെ അപ്പന്റെ നില വഷളാവുന്നതാണ് ഞങ്ങൾ കണ്ടത്. തുടർച്ചയുള്ള ശാസം മുട്ടലിൽ നിന്ന് അപ്പന്റെ ഹാർട്ട് വാൽവിന് തകരാർ ഉണ്ടെന്നും അത് സർജറി ചെയ്യണം എന്നും ഡോക്ടർ നിർദ്ദേശിക്കുന്നു. ആ നാളുകൾ ഇന്നും ഭീതിയോടും കണ്ണീരോടും അല്ലാതെ ഞങ്ങൾക്ക് ഓർക്കുവാൻ കഴിയില്ല.. കുടുംബത്തിന്റെ നെടുംതൂണായ അപ്പൻ ഇരിപ്പായത്തോടെ ഇനിയെന്ത് എന്നാ ചോദ്യം മൂന്നിൽ വന്നു. ദൈവത്തെ കരഞ്ഞു കാലു പിടിച്ചു ഒടുവിൽ അങ്ങനെ ഒരാൾ ഉണ്ടോ എന്ന് തന്നെ സംശയിച്ച നാളുകൾ.
2019 ഡിസംബർ മാസം. അന്നൊരു ഞായറാഴ്ചയായിരുന്നു, അന്ന് വീട്ടിൽ പ്രാർത്ഥന ഉണ്ടായിരുന്നു. ഒരുപാട് ആളുകൾ പങ്കെടുത്തു. അന്ന് അപ്പൻ ഏറെ സന്തോഷവാനായിരുന്നു. എല്ലാം കഴിഞ്ഞ് വൈകുന്നേരം ആയപ്പോഴേക്ക് പതിയെ അപ്പന്റെ നില വഷളാവാൻ തുടങ്ങി.അടുത്തുള്ള
ഹോസ്പിറ്റലിൽ കൊണ്ടുപോയി, അവർ ഉടനെ ട്രിവാൻഡ്രം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. തിരിച്ചു കരഞ്ഞു കൊണ്ട് വീട്ടിൽ വന്ന അമ്മയെ ആണ് ഞങ്ങൾ കണ്ടത്.
പെട്ടന്ന് തന്നെ ട്രിവാൻഡ്രം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഞാനും അനിയത്തിയും മാത്രം ആരുന്നു അന്ന് വിട്ടിൽ. ഓരോ കാൾ വരുമ്പോഴും ഒന്നും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചാണ് അറ്റൻഡ് ചെയ്തത്.. കുഴപ്പം ഒന്നുമില്ല എന്ന് അറിഞ്ഞപ്പോ പഴയ സന്തോഷം തിരിച്ചെത്തി. എന്നാൽ പിറ്റേ ദിവസം രാവിലെ വിണ്ടും നില ഗുരുതരം ആകുകയും പെട്ടന്ന് തന്നെ വെന്റിലേറ്ററിലേക്ക് അപ്പനെ മാറ്റുകയും ചെയ്തു. ഞാൻ ശെരിക്കും അതിശയിച്ചിട്ടുണ്ട് അപ്പന്റെ കൂടെ അല്ലാതെ പുറത്ത് പോലും പോയിട്ടില്ലാത്ത എന്റെ അമ്മ എങ്ങനെ ഒറ്റയ്ക്ക് ഇത് ഹാൻഡിൽ ചെയ്തു, എങ്ങനെ ഇത് അതിജീവിച്ചു?
ഈ ധൈര്യം എങ്ങനെ ഉണ്ടായി എന്നൊക്കെ..പയ്യെ പയ്യെ നില ഗുരുതരമായികൊണ്ടിരുന്നു. തിങ്കളാഴ്ച രാവിലെ 1:30ഇന് പ്രത്യേകിച്ചു ഒന്നും
പറയാണ്ട് അപ്പൻ പോയി. വെളുപ്പിനെ വീട്ടിലേക്ക് മക്കളെ പപ്പാ പോയെടാ എന്ന് അലറി കരഞ്ഞുകൊണ്ട് ഓടിവരുന്ന അമ്മയെ ആണ് പിന്നീട് കണ്ടത്. എന്ത് ചെയ്യണം എന്ന് അറിയില്ല, ഒരു മരവിപ്പ് ആരുന്നു പിന്നെ അങ്ങോട്ട്.. തൊട്ട് പിറ്റേ ദിവസം ആയിരുന്നു എന്റെ അഞ്ചാം യൂണിവേഴ്സിറ്റി സെമസ്റ്റർ എക്സാം. പരീക്ഷ എഴുതുന്നതിൽ അഭിപ്രായങ്ങൾ പലത് വന്നു. എന്നാൽ എക്സാം എഴുതണം എന്ന അമ്മയുടെ ഒറ്റ വാശി പുറത്തു പോയി എക്സാം എഴുതി. അടക്കം കഴിഞ്ഞു,
കൂടെ ഉള്ളവർ കുറച്ചു ആശ്വാസവാക്കുകൾ പറഞ്ഞു പിരിഞ്ഞു പോയി. 4പേരായി പോയ സന്തുഷ്ട കുടുംബം ഞങ്ങൾ മൂന്നു പേരുള്ള ഒരു നരകമായി മാറി പിന്നീടുള്ള കുറച്ചു നാളുകൾ. ആരുമില്ലാത്തവർക്ക് ദൈവം തുണ എന്ന് പറയുന്നത് എത്ര ശരിയാണ്. ഞാൻ കണ്ട ആ ദൈവം എന്റെ അമ്മ തന്നെ ആയിരുന്നു..
ചാൻസ് രണ്ടാണ്. ഒന്ന് ഞങ്ങൾ ജീവിതത്തിൽ തോറ്റുപോകുക എന്നത്, മറ്റൊന്ന് ജയിച്ചു കാണിക്കുക എന്നത്. അമ്മ തിരഞ്ഞെടുത്തത്
രണ്ടാമത്തേതായിരുന്നു. കാരണം അമ്മ തോൽക്കാൻ തയ്യാറാല്ലായിരുന്നു. പിന്നീടങ്ങോട്ട് depend ആയി ജീവിച്ച അമ്മയുടെ ഉള്ളിലെ കനലാണ് ഞാൻ കണ്ടത്. പലരും പറഞ്ഞു പഠിപ്പൊക്കെ മതി കൊച്ചിനെ കല്യാണം കഴിപ്പിച്ചു വിടാൻ.എന്നാൽ അതിലൊന്നും വഴങ്ങാൻ അമ്മാ
തയാറല്ലായിരുന്നു. പിന്നീടങ്ങോട്ട് എരിയുന്ന ഒരു തീയാണ് അമ്മയുടെ കണ്ണുകളിൽ ഞങ്ങൾ കണ്ടത്.
പാടത്തെ പണി മുതൽ തൊഴിൽ ഉറപ്പിൽ വരെ പോകാൻ തുടങ്ങി. ഒരു വൈകുന്നേരങ്ങളിലും കൈയും കാലുമാകെ പൊടിയും മുഷിപ്പുമായി കയറി വരുന്ന അമ്മയുടെ പഴയ ജീവിതം ഓർത്തു പലപ്പോഴും ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. നല്ലൊരു വസ്ത്രം സ്വന്തമായി വാങ്ങുന്നത് ഞാൻ ഇതേ വരെ കണ്ടിട്ടില്ല. ഒരു വിളറിയ ചിരിയായിരുന്നു അമ്മയ്ക്ക്. ഈ ഓട്ടത്തിനിടയ്ക്ക് അമ്മ ചിരിക്കാൻ തന്നെ മറന്നു പോയിരുന്നു. ബികോം കഴിഞ്ഞ ഞാൻ എംകോംമിന് ചേർന്നു. ബിഎസ് സി പഠനത്തിന് ശേഷം അനിയത്തി MBA യ്ക്കും.
ഉറുമ്പ് ഓരോ അരിമണിയും പെറുക്കി സൂക്ഷിച്ചു വെക്കുന്നത് പോലെയായിരുന്നു അമ്മ ക്യാഷ് കൈകാര്യം ചെയ്തിരുന്നത്. അത്കൊണ്ട് തന്നെ ജീവിതത്തിൽ എത്രയൊക്കെ താഴ്ചയിൽ പോയാലും പട്ടിണി ഞങ്ങൾ അറിഞ്ഞിട്ടില്ല. അമ്മയുടെ വിയർപ്പായിരുന്നു ഞങളുടെ ഭക്ഷണം. ആ കണ്ണിലെ തീഷ്ണത ആയിരുന്നു ഞങ്ങടെ ജീവന്റെ നിലനിൽപ്പ്..
ഇന്ന് കാലം കുറെ പിന്നിട്ടിരിക്കുന്നു. ജീവിതസാഹചര്യങ്ങളും മെച്ചപ്പെട്ടു. ഞാൻ ഇപ്പൊ കരാമയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. അനിയത്തി ഒരു കോർപ്പറേറ്റ് ഫീൽഡിലും വർക്ക് ചെയ്യുന്നു. അമ്മ ഇന്നും ഓട്ടത്തിൽ ആണ്. ഇനിയും എന്തൊക്കെയോ കീഴടക്കണം എന്ന അതിയായ വാശിയോടെ.. അമ്മയുടെ ഓട്ടം തീരില്ല. കാരണം അമ്മ അല്ലേ…
എന്നാൽ ഇനി ഞങ്ങൾ രണ്ട് മക്കൾക്ക് അതിദൂരം ഓടേണ്ടി ഇരിക്കുന്നു. അമ്മ കാണിച്ചു തന്ന വഴിയിലൂടെ തന്നെ. അമ്മയുടെ അതേ വാശിയോടെ തന്നെ..എന്നാൽ 100വർഷം ജീവിച്ചു എന്തൊക്കെ നേടിയാലും ഒന്നും പകരമാകില്ല.. കാരണം അമ്മ അമ്മ അല്ലേ.
പ്രിയപ്പെട്ട അമ്മ, ഇത് നിങ്ങളോടാണ്…
നന്ദി..
ഏറ്റവും മനോഹരമായി ഞങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചതിനു, കരുതുവാൻ കാട്ടി തന്നതിന്, തോൽക്കാൻ തയാറാകാതെ മുന്നോട്ട് ഓടാൻ പഠിപ്പിച്ചതിനു, വീണപ്പോൾ താങ്ങി എടുത്തതിനു… എല്ലാത്തിനുമുപരി നിഴലായി കൂടെ നടക്കുന്നതിന്…
View this post on Instagram