തനിഷ്ക് മിഡിൽ ഈസ്റ്റും എഡിറ്റോറിയലും ചേർന്ന് സംഘടിപ്പിച്ച മാ ഇവൻ്റിന് ഹൃദ്യമായ സമാപനം. പ്രതികൂലമായ ജീവിതസാഹചര്യങ്ങളിലും പതറാതെ മക്കൾക്ക് വേണ്ടി ജീവിച്ച പോരാളിയായ അമ്മമാരെ ആദരിക്കാനാണ് മാ സംഘടിപ്പിച്ചത്. യുഎഇയിലെ പ്രവാസികൾ അയച്ചു തന്ന അനുഭവക്കുറിപ്പുകളിൽ നിന്നാണ് അനുയോജ്യരായ അഞ്ച് അമ്മമാരെ കണ്ടെത്തിയത്.
കേരളത്തിലെ പല ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത ശോഭന, ഉഷ ബി നായർ, സുൽഫത്ത് ബീവി, രേഖ, ഷീബ എന്നീ അമ്മമാർക്കാണ് മക്കൾക്കൊപ്പം ഇത്തവണ ഓണം ആഘോഷിക്കാൻ ഭാഗ്യം ലഭിച്ചത്. ഓണത്തിന് ഒരാഴ്ച മുൻപാണ് എഡിറ്റോറിയൽ അവതാരകൻ ആർ.ജെ ഗദ്ദാഫിക്കൊപ്പം അമ്മമാർ കൊച്ചിയിൽ നിന്നും ദുബായിലേക്ക് എത്തിയത്. ദുബായിൽ വിമാനമിറങ്ങിയപ്പോൾ മുതൽ അമ്മമാരെ കാത്ത് സർപ്രൈസുകളും ഉണ്ടായിരുന്നു.
ഓണത്തിന് ദിവസങ്ങൾക്ക് മുൻപ് യുഎഇയിലെ ബന്ധുക്കളുടെ വീട്ടിലെത്തിയ അമ്മമാർ തുടർന്നുളള ദിവസങ്ങളിൽ മക്കൾക്കൊപ്പം സ്വപ്നനഗരം കാണാനിറങ്ങി. തിരുവോണ തലേന്നത്തെ ഉത്രാടപ്പാച്ചിലിൽ എഡിറ്റോറിയൽ സംഘം ഇവരുടെ വീടുകളിലേക്കും എത്തി.
ദുബായ് ബുർജുമാൻ മാളിലെ ബി- ഹബ്ബിൽ വെച്ച് നടന്ന “മാ” ഇവൻ്റ് ടൈറ്റാൻ ജ്വല്ലറി ഇൻറർനാഷണൽ ഹെഡ് ആദിത്യ സിംഗും എഡിറ്റോറിയൽ ഡയറക്ടർ അനീഷ് വിജയനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുജിത് സുന്ദരേശനും പരിപാടിയിൽ വിജയികളായ അമ്മമാരും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
സാധാരണ കുടുംബങ്ങളിൽ ജനിച്ച് ജീവിച്ച് പലതരം പ്രതിസന്ധികളെ അസാധാരണ ചങ്കൂറ്റത്തോടെ നേരിട്ട ഈ അമ്മമാർ ജീവിതത്തിൽ ആദ്യമായി വലിയൊരു വേദിയിൽ ആദരിക്കപ്പെട്ടു എന്നതാണ് മാ ഇവൻ്റിനെ വേറിട്ടു നിർത്തിയത്. ചടങ്ങിൽ അമ്മമാർക്ക് ഓണക്കോടിയും പൊന്നാടയും നൽകി ആദരിച്ചു. അമ്മമാർക്കുള്ള പ്രത്യേക ഉപഹാരം വേദിയിൽ വച്ച് ടീം തനിഷ്ക് മിഡിൽ ഈസ്റ്റ് കൈമാറി. നരീഷ് നായർ(ഓപറേഷൻസ് ഹെഡ്),ഹാർവി ജോർജ്(ബിസിനസ്സ് മാനേജർ തനിഷ്ക്),കാർത്തിക ഉണ്ണി ( ബിസിനസ്സ് മാനേജർ തനിഷ്ക്) , ടൈറ്റാൻ ജ്വല്ലറി ഇൻറർനാഷണൽ ഹെഡ് ആദിത്യ സിംഗിൻറെ പത്നി മഞ്ജു മേനോൻ എന്നിവർ ചങ്ങിൽ മുഖ്യാത്ഥികളായി.
മാ ഇവൻ്റിലെ ആദരമേറ്റു വാങ്ങിയ അമ്മമാർ പ്രവാസികളായ മക്കൾക്കൊപ്പം ഈ ഓണവും ആഘോഷിച്ചു. ഇനിയുള്ള ദിവസങ്ങളിൽ മക്കൾക്കൊപ്പം യുഎഇയെന്ന അത്ഭുത ലോകം വിസ്തരിച്ചു കാണാനുള്ള തയ്യാറെടുപ്പിലാണ് അമ്മമാർ. നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയും എഡിറ്റോറിയൽ തന്നെ ഏകോപിപ്പിക്കും.
View this post on Instagram